ജെഡിയു ഇടത് മുന്നണിയിലേക്ക്

തിരുവനന്തപുരം: ജെഡിയു ഇടത് മുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സിലിന് ശേഷമാകും പ്രഖ്യാപനം.

മുന്നണി മാറ്റത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനത്തില്‍ എത്തിയിരുന്നു. സിപിഐഎം നേതാക്കളുമായുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. നേരത്തെ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്ന കെ പി മോഹനനും മനയത്ത് ചന്ദ്രനും നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കി. സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ശ്രേയാംസ്‌കുമാര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചെറിയ തോതില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാന സമിതിയിലും നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്തുണ ലഭിച്ചു. എല്ലാ മണ്ഡലങ്ങളില്‍ നിന്നും ഒരു പ്രതിനിധി എന്ന എന്ന നിലയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന കൗണ്‍സില്‍ പാര്‍ട്ടിയുടെ നയം മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കും.

സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് ലേക്കുള്ള മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ സിപിഐഎമ്മുമായി വേദി പങ്കിടുകയും ചെയ്യും. എല്‍ഡിഎഫ് ജെഡിയുവിനെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ മുന്നണി പ്രവേശത്തിന് മറ്റ് തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.