കുറിഞ്ഞി ഉദ്യാനത്തില്‍ റവന്യൂ, വനം ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തും

തിരുവനന്തപുരം:റവന്യൂ, വനം ഉദ്യോഗസ്ഥ സംഘം കുറിഞ്ഞി ഉദ്യാനത്തില്‍ സംയുക്ത പരിശോധന നടത്തും. ഉദ്യാനപ്രദേശത്തെ പട്ടയങ്ങളുടെ സാധ്യത മനസിലാക്കാനാണ് പരിശോധന. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ പരിശോധനക്കായി നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ റവന്യു, വനം, വൈദ്യുതി മന്ത്രിമാര്‍ പരിശോധന നടത്തി മൂന്ന് പേരും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തത്. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തില്‍ വനം, റവന്യു ഉദ്യോഗസ്ഥ സംഘത്തെ ഉദ്യാനപ്രദേശത്തെ പട്ടയമടക്കമുള്ള രേഖകള്‍ പരിശോധിക്കാന്‍ നിയോഗിക്കണമെന്ന് റവന്യുമന്ത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ ശിപാര്‍ശ അംഗീകരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഉദ്യാനപ്രദേശത്ത് താമസിക്കുന്നവരുടെ പട്ടയം അടക്കമുള്ള രേഖകള്‍ സംഘം പരിശോധിക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിഞ്ജാപനം ഇറക്കുക. യഥാര്‍ത്ഥ പട്ടയമുള്ളവരെ ഒഴിപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ റിപ്പോര്‍ട്ടിലുള്ള വൈരുദ്ധ്യങ്ങളും സംഘം പരിശോധിക്കും.

പ്രാഥമിക വിജ്ഞാപനത്തില്‍ 3200 ഹെക്ടര്‍ ഉണ്ടെങ്കിലും അന്തിമ വിജ്ഞാപനത്തില്‍ ഉദ്യാനത്തിന്റെ വിസ്തൃതി കുറയാന്‍ സാധ്യതയുണ്ടെന്ന നിഗമനമാണ് മന്ത്രിമാര്‍ക്ക് ഉണ്ടായിരുന്നത്. കുറിഞ്ഞി സങ്കേതത്തിലെ ജനവാസ മേഖലയും കൃഷിഭൂമിയും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടക്കമുള്ളവയ്ക്കും ഭൂമി അനുവദിക്കുന്നതോടെ വിസ്തൃതി കുറയുമെന്ന് റവന്യൂമന്ത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വേഗത്തില്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം ദേവികുളം സബ് കലക്ടര്‍ക്ക് നല്‍കാനും ധാരണയായിട്ടുണ്ട്.