ലോക കേരളസഭ: പ്രവാസികളെ പ്രധാന വികസന പങ്കാളികളാക്കും

തിരുവനന്തപുരം: പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തില്‍ പ്രധാന പങ്കാളികളും ചാലക ശക്തികളുമാക്കാന്‍ ലോക കേരളസഭയില്‍ അവതരിപ്പിക്കുന്ന കരട്‌രേഖ വിഭാവനം ചെയ്യുന്നു.

ലോക കേരള സഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായുള്ള രേഖ ഓരോ രംഗത്തും പ്രവാസ വൈദഗ്ധ്യം വിനിയോഗിക്കേണ്ട വഴികള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇവിടെ തൊഴില്‍ ചെയ്ത് വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും അതിന് വിവിധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കരട്‌രേഖ വ്യക്തമാക്കുന്നു.

കേരളത്തിന്റെ വികസന പ്രശ്‌നങ്ങളേയും പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിക്കുക എന്നതാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന്റെ നടപടിക്രമങ്ങളില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ശരീരവും മനസും അര്‍പ്പിച്ച് മറുനാടുകളില്‍ പ്രവാസ കേരളീയര്‍ നേടുന്ന വിലയേറിയ വിദേശപണം അവര്‍ക്കും നാടിനും ഗുണകരമായ വിധത്തില്‍ നിക്ഷേപിക്കുന്നതിനും ഉന്നതമായ വികസന സാധ്യതകള്‍ കണ്ടെത്തുന്നതിനും പരിശ്രമിക്കണമെന്ന് കരട്‌രേഖ വിശദമാക്കുന്നു.

പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരകണക്കുകള്‍ ഉണ്ടാക്കുകയും ശക്തമായ ഒരു പ്രവാസി നയം രൂപീകരിക്കുകയും ലോക കേരളസഭയുടെ മുന്‍ഗണനാ വിഷയമാണ്.
നൈപുണ്യവും, വിദ്യാഭ്യാസവും അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തി കുടിയേറ്റത്തിന് ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് സഭ പരിഗണിക്കും. പ്രവാസത്തിന് മുന്‍പും പ്രവാസ കാലത്തും പ്രവാസത്തിന് ശേഷവുമുള്ള പ്രശ്‌നങ്ങളെ ഒന്നൊന്നായി വേര്‍തിരിച്ച് അവയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നതും ആവശ്യമാണ്.

കുറ്റമറ്റ റിക്രൂട്ട്‌മെന്റ്, ഇന്‍ഷുറന്‍സ്, തൊഴില്‍ സേവനവേതന വ്യവസ്ഥകള്‍, പ്രവാസ കാലത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, പ്രവാസശേഷമുള്ള പുനരധിവാസവും ക്ഷേമവും എന്നിവയൊക്കെ വിവിധ സര്‍ക്കാരുകളും അനുബന്ധ ഏജന്‍സികളുമായി സഹകരിച്ച് ഇടപെടുന്നതിനും നടപടികള്‍ രൂപപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കും.കേരള സംസ്‌കാരത്തിന്റെ ഭാഗമായ ഭക്ഷണം, വസ്ത്രം, ആഭരണങ്ങള്‍, വീടുകള്‍, വീട്ടുപകരണങ്ങള്‍, കുടുംബ ബന്ധങ്ങള്‍, ആയുര്‍വേദ നാട്ടുചികിത്സകള്‍, കല, സാഹിത്യം, സിനിമ, നാട്ടറിവുകള്‍ എന്നിവയെല്ലാം പുതിയ ചക്രവാളങ്ങള്‍ തേടുന്നതിനായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
പ്രവാസികളെ കേരളത്തിന്റെ പ്രധാന ചാലക ശക്തികളാക്കി മാറ്റുക എന്നതും കേരളത്തെ പ്രവാസികളുടെ ആന്തരിക ഊര്‍ജത്തിന്റെ പ്രചോദകരാക്കി നിലനിര്‍ത്തുക എന്നതും സഭയുടെ പ്രധാന കാഴ്ചപ്പാടുകളില്‍ ഒന്നാണ്.

കേരളത്തിന്റെ തനത് കലാസാംസ്‌കാരിക സംരക്ഷണവും അവയുടെ ഡിജിറ്റല്‍ വിപണനവും, ആയുര്‍വേദആരോഗ്യ മേഖലകളെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന പദ്ധതികളും, കേരളത്തിന്റെ ഭക്ഷ്യവൈവിധ്യത്തിന്റെ ദേശാന്തരവിപണി സാധ്യതകളും, വാസ്തുവിദ്യാ പാരമ്പര്യങ്ങളും അന്തര്‍ദേശീയ തലത്തില്‍ വിപണനം ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പരിശോധിക്കും.

പ്രവാസി മേഖലയില്‍ കേരളസര്‍ക്കാര്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനേക്കാള്‍ ഭാവിയില്‍ എന്തൊക്കെ ചെയ്യാനാവും എന്നതിനാണ് രേഖയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ അഭിപ്രായങ്ങളും സഭാംഗങ്ങളുടെ നിര്‍ദേശങ്ങളും സ്വാംശീകരിച്ച് രേഖയുടെ സമ്പുഷ്ട രൂപം പിന്നീട് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ചര്‍ച്ച 10 പ്രധാനമേഖലകളായി തിരിച്ച്

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കരുത്തുപകരുന്ന വിഷയങ്ങളെ 10 പ്രധാനമേഖലകളായി തിരിച്ചാണ് ലോക കേരളസഭ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്.
ധനകാര്യം, വ്യവസായം, വിവര സാങ്കേതിക വിദ്യ, നവസാങ്കേതിക വിദ്യ, കൃഷി-മൃഗ സംരക്ഷണം, മത്സ്യബന്ധനം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, സ്ത്രീകളും പ്രവാസവും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദസഞ്ചാരം, സഹകരണം, സംസ്‌കാരം, ഭാഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യുന്നത്. ധനകാര്യത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍, കിഫ്ബി, പ്രവാസിചിട്ടി, പ്രവാസി ലോട്ടറി, പ്രവാസി വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ലോക കേരളസഭാ നേതാവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് രമേശ് ചെന്നിത്തലയും ആണ്.

ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റ് അംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം.
നോര്‍ക്ക വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, നോര്‍ക്ക റൂട്‌സ് ഡയരക്ടര്‍, ബോര്‍ഡ് അംഗങ്ങള്‍, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിധ വിഷയമേഖല വിദഗ്ധര്‍ എന്നിവരടങ്ങിയ ഉപദേശകസമിതി കരടു നടപടിക്രമങ്ങളും കരടുരേഖകളും തയാറാക്കുന്നതില്‍ സെക്രട്ടേറിയറ്റിനെ സഹായിക്കുന്നു.

സഭയുടെ നടപടിക്രമവും സഭയില്‍ അവതരിപ്പിക്കുന്ന രേഖകളും മുന്‍കൂട്ടി തയാറാക്കി സഭാംഗങ്ങള്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. സഭാംഗം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും മറ്റും മുന്‍കൂട്ടി തയാറാക്കി സഭാ നേതാവിന്റെ അനുവാദത്തോടെ അയച്ചുനല്‍കാവുന്നതാണ്. അംഗങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും സെക്രട്ടേറിയറ്റിന് മുന്‍കൂട്ടി സമര്‍പ്പിക്കും. സഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ഐക്യകണ്‌ഠേന തീരുമാനമെടുക്കുന്ന രീതിയായിരിക്കും ലോക കേരളസഭ പൊതുവില്‍ സ്വീകരിക്കുക. അഭിപ്രായ സമന്വയം സൃഷ്ടിക്കാന്‍ അംഗങ്ങളും സഭാനേതൃത്വവും സെക്രട്ടേറിയറ്റും പരിശ്രമിക്കും.

മൂന്ന് ഓപ്പണ്‍ ഫോറം

തിരുവനന്തപുരം: പ്രവാസലോകത്തിന്റെ വര്‍ത്തമാനം, ഭാഷ, കാലം, സംസ്‌കാരം എന്ന വിഷയത്തില്‍ നാളെ രാവിലെ 11ന് ചര്‍ച്ച നടക്കും. ശശികുമാറാണ് മോഡറേറ്റര്‍. ജേക്കബ് ജോര്‍ജ് അവതാരകനാവും. ശോഭന, ടി.ജെ.എസ് ജോര്‍ജ്, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, രേവതി പങ്കെടുക്കും. വൈകിട്ട് മൂന്നിന്് ‘ശാസ്ത്രസാങ്കേതികം സാധ്യതകളും വെല്ലുവിളിയും’എന്നതില്‍ ചര്‍ച്ച നടക്കും. മുരളി തുമ്മാരുകുടി മോഡറേറ്ററാകും. കെ.കെ കൃഷ്ണകുമാര്‍ അവതാരകനാവും. ക്രിസ് ഗോപാലകൃഷ്ണന്‍, ഗീതാ ഗോപിനാഥ് പങ്കെടുക്കും.
മറ്റെന്നാള്‍ രാവിലെ 11ന് യൂനിവേഴ്‌സിറ്റി കോളജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം പരിപാടി നടക്കും. സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. ഡോ. എം.എസ് സ്വാമിനാഥന്‍, ഡോ. എ. ഗോപാലകൃഷ്ണന്‍, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം മത്തായി, പ്രൊഫ. തളപ്പില്‍ പ്രദീപ്, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് പങ്കെടുക്കും. യൂനിവേഴ്‌സിറ്റി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍ സ്വാഗതം പറയും.