പ്രധാനമന്ത്രിയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാകാതെ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തി. കൂടിക്കാഴ്ചക്ക് അനുമതി നല്‍കാത്തതിനാല്‍ നൃപേന്ദ്ര മിശ്ര മടങ്ങി. ദീപക് മിശ്രയുടെ വീട്ടിലായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തിയത്.

അതേസമയം സുപ്രീം കോടതിക്കെതിരെ ഒരു കൂട്ടം ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനം നടത്തി രംഗത്തു വന്ന സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്.

വിവാദ വാര്‍ത്താ സമ്മേളനത്തിന് ശേഷം ദീപക് മിശ്ര എ.ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന നിലപാടിലേക്കെത്തിയത്. സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ്, ചെലമേശ്വര്‍ എന്നിവരായിരുന്നു ഇന്നലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മാധ്യമങ്ങളെ കണ്ട് സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇതിന് മറുപടി പറയാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.   ഇതിനിടെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ അനുരഞ്ജന ശ്രമമെന്നോണം ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി.