കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ പ്രതിഷേധമെന്നു ചെലമേശ്വര്‍

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവങ്ങള്‍ക്ക് വഴിവച്ച്‌ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിറുത്തിവച്ച്‌ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച്‌ പ്രതിഷേധിച്ചു.ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്നത്.സുപ്രീം കോടതിയിലെ ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ ആരോപിച്ചു.

കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ പ്രതിഷേധമെന്നും ചെലമേശ്വര്‍ പറഞ്ഞു.ചെലമേശ്വറെ കൂടാതെ മുതിര്‍ന്ന ജഡ്ജിമാരായ​ കുര്യന്‍ ജോസഫ്,​ രഞ്ജന്‍ ഗോഗോയ്,​ മദന്‍ ബി. ലോകൂര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ സുപ്രീം കോടതിക്കെതിരെ ആഞ്ഞടിച്ചത്.
രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപകടാവസ്ഥയിലാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഇനി ഇത് കണ്ടിരിക്കാനാവില്ല…. !

ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സുപ്രീം കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌ ചെയ്യേണ്ടതുണ്ടോയെന്ന കാര്യം രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വര്‍ പറഞ്ഞു.സുപ്രീം കോടതിയില്‍ നടക്കുന്ന ചില കാര്യങ്ങളില്‍ അപാകതയുണ്ടെന്ന് താനടക്കമുള്ള ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ പരിഹാര നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍,​ തങ്ങളുടെ ശ്രമങ്ങളെല്ലാം നിഷ്ഫലമാവുകയായിരുന്നു. കാര്യങ്ങള്‍ മനസിലാക്കാന്‍ ദീപക് മിശ്ര തയ്യാറായില്ല.

മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് എന്തുവേണമെന്ന് തീരുമാനിക്കുന്നതിന് രാജ്യത്തോട് ചോദിക്കാന്‍ തീരുമാനിച്ചത്.ഇത് തികച്ചും അസാധാരണമായ ഒരു സാഹചര്യമാണെന്നും ചെലമേശ്വര്‍ പറഞ്ഞു.കോടതികള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും.കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം.
നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ഞങ്ങള്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അദ്ദേഹം അത് അംഗീകരിച്ചില്ല.ഒരു കാര്യം ശരിയായ രീതിയില്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു.

ആത്മാവിനെ ഞങ്ങള്‍ വിറ്റഴിച്ചെന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആരും ആരോപണം ഉന്നയിക്കരുത്.ഞങ്ങള്‍ മൂകരും ബധിരരും ആയിരുന്നുവെന്നും ആരും പറയരുത്.എല്ലാ വിവരങ്ങളും വിശദീകരിച്ച്‌ ചീഫ് ജസ്റ്റിസിനു രണ്ടുമാസം മുന്‍പ് കത്തു നല്‍കിയിരുന്നു സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള ജഡ്ജിമാരുടെ ആത്മാര്‍ത്ഥത ഇനി ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു.രാജ്യത്തോട് ജഡ്ജിമാര്‍ക്കുള്ള കടപ്പാട് നിറവേറ്റേണ്ടതുണ്ടെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു.സൊഹ്റാബുദീന്‍ കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് ശേഷമായിരുന്നു ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം.അമിത് ഷായ്ക്ക് അനുകൂല വിധിപറയാന്‍ 100 കോടി വാഗ്ദാനം ചെയ്തിരുന്നെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയതോടെയാണ് ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലമേറിയത്.കേസില്‍ ഷായ്ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന ജസ്റ്റിസ് ലോയ 2014ലാണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി രേഖകള്‍.

എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും അഭിഭാഷകരും രംഗത്തെത്തിയിരുന്നു.