ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പണവും ആഭരണവും ‘അടിച്ചുമാറ്റി ‘ കൊച്ചി പോലീസ്

ടൈറ്റസ്‌ കെ.വിളയില്‍

എറണാകുളത്ത്‌ പുല്ലേപ്പടിയിലെ ലോഡ്ജില്‍ നടത്തിയ റെയ്ഡിന്റെ മറവില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പണവും ആഭരണവും എറണാകുളം സെന്‍ട്രല്‍ പൊലീസ്‌ മോഷ്ടിച്ചു. 25000 ത്തോളം രൂപയാണ്‌ പൊലീസുകാര്‍ കൈക്കലാക്കിയത്‌.തന്റെ ബാഗില്‍ നിന്ന്‌ സ്വര്‍ണ മോതിരവും പൊലീസ്‌ മോഷ്ടിച്ചുവെന്ന്‌ അതിഥി എന്ന ട്രാന്‍സ്‌ യുവതി ആരോപിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ്‌ താമസ സ്ഥലത്ത്‌ നിന്നും സായ, അതിഥി, കാവ്യ, ദയ എന്നീ ട്രാന്‍സ്‌ യുവതികളെയും കാവ്യയെ കാണാനെത്തിയ സഹോദരിയെയും അനാശാസ്യം നടത്തി എന്നാരോപിച്ച്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.ഇവരുടെതാണ്‌ പണം

അതിഥിയുടെ നാലായിരത്തി എണ്ണൂറ്‌ രൂപ, മൂന്നു മൊബെയില്‍ ഫോണ്‍, അര പവന്‍ വരുന്ന ഒരു മോതിരം ;സായയുടെ മൂവായിരം രൂപ, ഒരു മൊബെയില്‍ ഫോണ്‍; ദയയുടെ പതിനേഴായിരം രൂപ,രണ്ടു മൊബെയില്‍ ഫോണ്‍; കാവ്യയുടെ രണ്ട്‌ മൊബെയില്‍ ഫോണ്‍ എന്നിവയാണ്‌ നഷ്ടപ്പെട്ടത്‌.

പുതിയൊരു വീടിന്‌ അഡ്വാന്‍സ്‌ നല്‍കുന്നതിന്‌ വേണ്ടി സൂക്ഷിച്ചിരുന്ന പണമാണ്‌ പൊലീസ്‌ കവര്‍ന്നതെന്ന്‌ ദയ പറയുന്നു. “ട്രാന്‍സ്‌ ജെന്‍ഡേഴ്സിന്റെ കൈയ്യില്‍ നിന്നും പൊലീസ്‌ സാധനങ്ങള്‍ തട്ടിയെടുക്കുന്നത്‌ ഇതാദ്യമായല്ല. ഇതിനു മുമ്പും മൊബെയിലുള്‍പ്പെടെ പലതും ഞങ്ങള്‍ക്ക്‌ നഷ്ടമായിട്ടുണ്ട്‌ ” അതിഥി പറയുന്നു.

കൊച്ചി നഗരത്തെ ട്രാന്‍സ്ജെന്‍ഡര്‍ മുക്തമാക്കും എന്ന്‌ പ്രതിജ്ഞ എടുത്ത എറണാകുളം സെന്‍ട്രല്‍ പൊലീസ്‌ അതിഥി അടക്കമുള്ള നാല്‌ പേരെ അറസ്റ്റ്‌ ചെയ്തത്‌ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തിയാണ്‌. റെയ്ഡ്‌ നടത്തി അറസ്റ്റ്‌ ചെയ്തെങ്കിലും അനാശാസ്യം എന്ന വകുപ്പ്‌ നിലനില്‍ക്കില്ല എന്ന അറിവില്‍ ആയുധം കൈവശം വെയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്‌. മദ്യവും മയക്കുമരുന്നും തോക്കും ഇവരില്‍ നിന്ന്‌ കണ്ടെത്തി എന്നാണ്‌ പൊലീസ്‌ പ്രചരിപ്പിച്ചത്‌.

എന്നാല്‍ ഈ നാല്‌ പേരും വ്യക്തമായ രേഖകളോടെ അവിടെ സ്ഥിരം താമസിക്കുന്നവരാണെന്ന്‌ തെളിയിച്ചതോടെ ഇവര്‍ക്ക്‌ ജാമ്യം ലഭിച്ചു. ലോഡ്ജ്‌ ഉടമയുടെ എയര്‍ഗണ്ണാണ്‌ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പക്കലുള്ള തോക്ക്‌ ആയി മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പൊലീസ്‌ അവതരിപ്പിച്ചത്‌.

ഇതിനു ശേഷം ഇവര്‍ക്ക്‌ താമസ സ്ഥലം നഷ്ടപ്പെട്ടു. പുറമേയാണ്‌ മുറിയില്‍ സൂക്ഷിച്ചിരുന്ന പണവും മൊബെയില്‍ ഫോണുകളും ഒരു സ്വര്‍ണ്ണ മോതിരവും മറ്റു സര്‍ട്ടിഫിക്കറ്റുകളുമുള്‍പ്പടെയുള്ളവ കാണാതായത്‌. സര്‍ട്ടിഫിക്കറ്റുകളും മൊബെ മിലുകളും മാറ്റു രേഖകളും തങ്ങളുടെ കൈവശം ഉണ്ടെന്നും പണത്തെയും സ്വര്‍ണത്തെയും കുറിച്ച്‌ ഒന്നും അറിയില്ലെന്നുമാണ്‌ പൊലീസ്‌ ഇപ്പോള്‍ പറയുന്നത്‌.

അതേസമയം എറണാകുളത്ത്‌ താമസസ്ഥലങ്ങളില്‍ നിന്നും ട്രാന്‍സ്ജെന്‍ഡേഴ്സിനെ കൂട്ടത്തോടെ ഇറക്കിവിടുന്നു. സ്ഥിരമായി താമസിച്ചിരുന്ന ലോഡ്ജ്‌ മുറിയില്‍ നിന്ന്‌ അനാശാസ്യം ആരോപിച്ച്‌ നാല്‌ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തതിന്‌ പിന്നാലെയാണിത്‌. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്‌ഐ സാജനാണ്‌ ഇതിന്റെ പിന്നിലെന്ന്‌ ഇറക്കി വിടപ്പെട്ട ട്രാന്‍സ്ജെന്‍ഡേഴ്സ്‌ പറയുന്നു.
“ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍” എന്നാണ്‌ ഇതിനു മുമ്പൊരിക്കല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ്‌ പറഞ്ഞത്‌ എന്ന്‌ ട്രാന്‍സ്ജെന്‍ഡറായ പാര്‍വതി പറയുന്നു.

ട്രാന്‍സ്ജെന്‍ഡേഴ്സിന്‌ താമസിക്കാന്‍ സ്ഥലം നല്‍കരുത്‌ എന്നും താമസിക്കുന്നവരെ ഉടന്‍ തന്നെ ഇറക്കിവിടണമെന്നും എസ്‌ഐ ലോഡ്ജ്‌ ഉടമകളോട്‌ പറഞ്ഞു എന്നാണ്‌ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌. തങ്ങളുടെ ട്രാന്‍സ്‌ സ്വത്വം വെളിപ്പെടുത്തുന്നവരോടാണ്‌ പൊലീസിന്റെ ഇത്തരം അതിക്രമങ്ങള്‍ .

പകല്‍ സമയങ്ങളില്‍ പുരുഷ വേഷം ധരിക്കുകയും രാത്രി മാത്രം സ്ത്രീ വേഷങ്ങളിടുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമാണ്‌ നിലവില്‍ ലോഡ്ജുകളില്‍ താമസിക്കാന്‍ അനുവാദമുള്ളത്‌. മുഴുവന്‍ സമയവും സ്ത്രീ വേഷം ധരിക്കുന്നവരെ അതിക്രൂരമായ രീതിയിലാണ്‌ പൊലീസ്‌ കൈകാര്യം ചെയ്യുന്നത്‌.

സര്‍ജറി കഴിഞ്ഞ ഒരു ട്രാന്‍സ്‌ ജന്‍ഡറിനെ കഴിഞ്ഞ രാത്രിയില്‍ താമസ സ്ഥലത്തു നിന്നും ഇറക്കി വിട്ടിരുന്നു. സര്‍ജറി കഴിഞ്ഞിരുന്നത്‌ കൊണ്ട്‌ ഇപ്പോള്‍ ഇറക്കി വിടരുത്‌ എന്ന്‌ അപേക്ഷിച്ചിട്ടും ഉടമസ്ഥന്‍ ബാഗും മറ്റു സാധനങ്ങളും പുറത്തേക്ക്‌ വലിച്ചിട്ട്‌ വീടൊഴിയാന്‍ നിര്‍ബന്ധിച്ചു എന്ന്‌ അവര്‍ പറയുന്നു.

ട്രാന്‍സ്ഫ്രണ്ട്ലി ഗവണ്മെന്റാണ്‌ തങ്ങളുടേത്‌ എന്ന്‌ അവകാശപ്പെടുമ്പോള്‍ തന്നെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്‌ തങ്ങള്‍ക്ക്‌ ഇത്രയധികം പീഡനങ്ങള്‍ സഹിക്കേണ്ടി വന്നതെന്ന്‌ ട്രാന്‍സ്‌ സമൂഹം ഒരേ സ്വരത്തില്‍ പറയുന്നു.ട്രാന്‍സ്‌ ജന്‍ഡറുകള്‍ക്ക്‌ സമാധാനപൂര്‍ണമായി ജീവിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നു മാത്രമല്ല,അവരെ പരമാവധി ദ്രോഹിക്കുക കൂടിയാണ്‌ ഭരണകൂടം ചെയ്യുന്നത്‌.