തൊടുപുഴയില്‍ നന്‍മയുടെ പൂമരം വിരിയുന്നു; മകളുടെ ഓര്‍മ്മയ്ക്കായി പ്രശസ്ത ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സുരേഷ് അഡ്വാനി 150 കോടി രൂപ മുടക്കി ആശുപത്രി പണിയുന്നു

    ചിരിച്ചു കൊണ്ട് സേവനം നടത്തുന്ന ആതുരാലയം

    മകളുടെ ഓര്‍മ്മയ്ക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറായ ഡോ. സുരേഷ് അഡ്വാനി തൊടുപുഴയില്‍ 350 കിടക്ക സൗകര്യമുള്ള ആശുപത്രി കെട്ടിടം പണിയുന്നു – മുംബൈയിലെ ഏറ്റവും തിരക്കേറിയ ഓങ്കോ ളജിസ്റ്റായ ഡോ. അഡ്വാനി തൊടുപുഴയിലെ വേങ്ങല്ലൂരില്‍ ഇങ്ങനെയൊരു ആതുരാലയം പണിയുന്നതിന് പിന്നില്‍ സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെ ഒരു കഥയുണ്ട്. ഏക മകളോടും ഭാര്യയോടുമുള്ള അദമ്യമായ ത്യാഗത്തിന്റെയും കടപ്പാടിന്റെയും മറുവിലയാണി ആശുപത്രിക്കെട്ടിടം.
    1979 ല്‍ മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍ വെച്ചാണ് സുരേഷ് ആദ്യമായി തൊടുപുഴ ക്കാരിയായ റോസിനെ കാണുന്നത്. ഒരു മാലാഖായെ പ്പോലെ രോഗികളെ പരിചരിക്കുന്ന റോസിനെ ആദ്യമാത്രയില്‍ത്തന്നെ സുരേഷിന് ഇഷ്ടമായി.
    എട്ടാമത്തെ വയസില്‍ പോളിയോ ബാധിച്ച് കാലിന്റ ചലനശേഷി നഷ്ടപ്പെട്ട ഡോ. സുരേഷ് വീല്‍ ചെയറിലിരുന്നാണ് രോഗികളെ പരിശോധിച്ചിരുന്നത്. അടുപ്പം അനുരാഗമായി വളര്‍ന്നു. 1981 ല്‍ അവര്‍ വിവാഹിതരായി. ഇക്കാലത്ത് തന്നെ ക്രിസ്ത്യാനിയായ റോസ് പേരും മതവും മാറി. ഗീത എന്ന പേര് സ്വീകരിച്ച് ഒരുത്തമ ഭാര്യയായി മാറിക്കഴിഞ്ഞിരുന്നു.
    രണ്ട് മുന്ന് വര്‍ഷത്തിനു ശേഷം അവര്‍ക്ക് സ്മിത എന്നൊരു പെണ്‍കുട്ടി പിറന്നു. സദാ ചിരിച്ചു കൊണ്ട് ജീവിതത്തെ നേരിട്ടിരുന്ന അവള്‍ എല്ലാവരോടും കാരുണ്യത്തോടെ പെരുമാറിയിരുന്നു. മാതാപിതാക്കളുടെ വഴിയെ തന്റെ ജീവിതമേഖലയും ആതുരസേവന രംഗമാണെന്ന് സ്മിത തിരിച്ചറിഞ്ഞിരുന്നു. വിധി അവളോട് കരുണ കാണിച്ചില്ല.
    എം.ഡി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സ്മിത ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.
    തന്റെ മകളുടെ ജീവിത ദര്‍ശനങ്ങള്‍ ഈ ലോകത്തെ അറിയിക്കണമെന്ന ചിന്തയിലാണ് കഷ്ടപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്കായി ഒരാശുപത്രി പണിയാന്‍ തീരുമാനിച്ചത്. ചിരിച്ചു കൊണ്ട് സേവിക്കുക എന്ന മകളുടെ തത്വമാണ് ഈ ആശുപത്രിയുടെ അടിസ്ഥാന പ്രമാണം
    തന്റെ ഭാര്യയുടെ ജന്മനാടായ തൊടുപുഴയിലെ വേങ്ങല്ലൂരില്‍ ശിഷ്ടകാലം കഴിക്കണമെന്ന ചിന്തയിലാണ് 150 കോടി രൂപയുടെ ആശുപത്രി പണിയുന്നത്.
    രാഷ്ടം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ഡോ. സുരേഷ് അഡ്വാനിയുടെ സേവനം ഇനി അധികം താമസിയാതെ പൂര്‍ണമായും കേരളത്തിലെ രോഗികള്‍ക്ക് ലഭിക്കും.
    തന്റെ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡുകള്‍ ഉണ്ടാവില്ല. ഇന്ത്യയിലെ ആശുപത്രികളിലെ ജനറല്‍ വാര്‍ഡുകള്‍ എപ്പോഴും പാവപ്പെട്ട രോഗികളെ കുത്തിനിറച്ചിടുന്ന സ്ഥലങ്ങളാണ്. ഈ വാര്‍ഡുകളിലെ പരിമിതമായ സ്ഥലസൗകര്യങ്ങളില്‍ രോഗികള്‍ പ്രയാസപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മിക്കപ്പോഴും ജയിലുകളേക്കാള്‍ കഷ്ടമാണവിടുത്തെ സ്ഥിതി. പാവപ്പെട്ടവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. ഓരോ രോഗിക്കും ഓരോ മുറി കൊടുക്കാനായാല്‍ അണുബാധ കുറയ്ക്കാനാവും, സര്‍വോപരി അയാള്‍ക്ക് തന്റെ സ്വകാര്യതകളെ ആ രോഗാവസ്ഥയിലും നിലനിര്‍ത്താനാവുമെന്ന് ഡോ. സുരേഷ് പറഞ്ഞു. തന്റെ ആശുപത്രിയിലെ 10% മുറികള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായിട്ടാണ് കൊടുക്കുന്നത്.
    ആശുപത്രി കെട്ടിട്ടത്തിന്റെ സിവില്‍ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    05_02_dr_suresh_advani1

    പോളിയോ ബാധിതനായി താന്‍ ആശുപത്രികളില്‍ കിടന്ന അനുഭവങ്ങളാണ് സുരേഷിനെ ആതുരശുശ്രൂഷാ രംഗത്തേക്ക് ആകര്‍ഷിച്ചത്.
    1947 ഓഗസ്റ്റ് ഒന്നിന് പാകിസ്ഥാനിലെ കറാച്ചിയില്‍ ജനിച്ച സുരേഷിന്റെ കുടുംബം വിഭജനത്തെതുടര്‍ന്ന് മഹാരാഷ്ടയിലെ നാസിക്കിലെത്തി. പിന്നീട് പിതാവിന്റെ ഇലക്ട്രിക്കല്‍ ബിസിനസ് മുംബൈയിലേക്ക് മാറ്റിയതോടെ സുരേഷിന്റെ പഠനവും ഈ നഗരത്തിലായി.
    അറുപതുകളില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ശാരീരിക വൈകല്യത്തിന്റെ പേരില്‍ താന്‍ നേരിട്ട അവഗണനയെക്കുറിച്ച് ഇന്നും വേദനയോടെ അദ്ദേഹം ഓര്‍ക്കാറുണ്ട്. മുംബൈയിലെ ഗ്രാന്റ് മെഡിക്കല്‍ കോളജില്‍ ആഡ്മിഷനു വേണ്ടി സുരേഷ് ശ്രമിച്ചപ്പോള്‍ കോളജ് അധികൃതര്‍ പ്രവേശനം നല്‍കാന്‍ ഒരുക്കമല്ലായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നിരന്തരമായ നിവേദനം നല്‍കിയതിന്റെ ഫലമായിട്ടാണ് അദ്ദേഹത്തിന് മെഡിക്കല്‍ പ്രവേശനം കിട്ടിയത്. ശാരീരിക വൈകല്യത്തിന്റെ പേരിലുള്ള അവഗണന പഠനകാലത്തും പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്.
    അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിക്ക് കോഴ്‌സിന്റെ ഭാഗമായി അഞ്ച് ക്ലിനിക്കല്‍ ട്രെയിനിംഗ് പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. ശാരീരിക വൈകല്യം മൂലം ട്രെയിനിംഗുകളില്‍ പങ്കെടുക്കാന്‍ കോളജ് അധികാരികള്‍ അനുവദിച്ചില്ല.
    പക്ഷെ അക്കാലത്ത് വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനായ ഡോ. ആര്‍.ഡി. ലെലെ മുന്‍കൈ എടുത്ത് സുരേഷിനെ എം.ഡിക്ക് പഠിക്കാന്‍ പ്രേരിപ്പിച്ചു. അഡ്വാനിക്കായി ഡോ. ലെലെ മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തു. ശാരീരിക വൈകല്യമുള്ളവരെ അകറ്റി നിര്‍ത്തുന്ന പ്രവണതക്കെതിരെയുള്ള വലിയൊരു ചുവടുവെയ്പ്പാണ് ഡോ. ലെലെ നടത്തിയത്. ഉയര്‍ന്ന മാര്‍ക്കോടെ എം.ഡി നേടിയ ശേഷം
    സുരേഷ് ലണ്ടനിലെ റോയല്‍ മാര്‍സ്‌ഡെന്‍ മെഡിക്കല്‍ കോളജില്‍ ഉപരി പഠനത്തിന് ചേര്‍ന്നു. വൈകല്യങ്ങളെ ആത്മവിശ്വാസവും മനോധൈര്യം കൊണ്ടു മറികടന്നു. ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ സുരേഷ് ഡോക്ടര്‍ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ഓങ്കൊളജിസ്റ്റായി ചേര്‍ന്നു.പിന്നീട് ജസ് ലോക് ആശുപത്രിയിലും ജോലി ചെയ്തു.
    കഴിഞ്ഞ മൂന്ന് ദശകത്തിനിടയില്‍ ഇന്ത്യയിലെ കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി സമര്‍പ്പിച്ച ജീവിതമാണ് ഈ നന്മ നിറഞ്ഞ പൂമരത്തിന്റെത്. ആ നന്മയുടെ പൂക്കളാണ് ഇനി തൊടുപുഴയില്‍ വിരിയുക.