ഗള്‍ഫ് പ്രവാസവും യൂറോപ്പ് -അമേരിക്കന്‍ പ്രവാസവും തികച്ചും വ്യത്യസ്തമാണെന്ന് മന്ത്രി ഡോ. ടി.എം. തോമസ്

തിരുവനന്തപുരം: നിരവധി മലയാളികള്‍ സ്ഥിരതാമസമാക്കിയ യൂറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ലോക കേരള സഭയുടെ യൂറോപ്പും അമേരിക്കയും എന്ന സെഷനില്‍ ചര്‍ച്ചാവിഷയമായി. ഗള്‍ഫ് പ്രവാസവും യൂറോപ്പ് -അമേരിക്കന്‍ പ്രവാസവും തികച്ചും വ്യത്യസ്തമാണെന്ന് ആമുഖ പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഗള്‍ഫ് പ്രവാസം താല്‍ക്കാലിക പ്രതിഭാസമാകുമ്പോള്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസം തലമുറകള്‍ നീളുന്നതാണ്. ഈ സ്ഥിരം പ്രവാസം ഇവിടങ്ങളിലെ മലയാളികള്‍ക്ക് ഒട്ടനവധി പ്രയാസങ്ങള്‍ നല്‍കുന്നവയുമാണ്. വയോജനസംരക്ഷണം, സാംസ്‌ക്കാരിക വിടവ്, നാട്ടിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പുതുതലമുറയില്‍ നിന്നും മലയാള ഭാഷ അന്യംനിന്ന് പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍  ചര്‍ച്ചയില്‍ ഉയര്‍ന്നു. റിക്രൂട്ട്‌മെന്റ് പ്രക്രിയയിലുള്ള ചൂഷണം, മതിയായ രേഖകളില്ലാതെ തങ്ങുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍, നിക്ഷേപം, വ്യവസായം തുടങ്ങിയവയും ചര്‍ച്ചയായി. കേരളവും യൂറോപ്പ് അമേരിക്ക തുടങ്ങിയ വന്‍കരകളിലെ രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സാംസ്‌കാരിക വിനിമയ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കണം.

പ്രവാസികള്‍ക്കുവേണ്ടി  ഡാറ്റാ ബാങ്ക് വേണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ തന്നെ അവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനമുണ്ടെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ഇത് പ്രവാസികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  കേരളത്തിലുണ്ടാകുന്ന നിയമഭേദഗതികള്‍ അപ്പപ്പോള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്.  കേരളത്തെ മാലിന്യമുക്തമാക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ആരോഗ്യമേഖലയും മെഡിക്കല്‍ ടൂറിസവും വളരുവാന്‍ മാലിന്യവിമുക്ത കേരളം എന്നത് യാഥാര്‍ഥ്യമാകണം. വിദേശത്ത് മലയാളം പഠന കേന്ദ്രങ്ങള്‍ ഉണ്ടാക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  കലാ സാംസ്‌ക്കാരിക കേന്ദ്രങ്ങളും പ്രവര്‍ത്തനം ആരംഭിക്കണം.

 പ്രവാസം അവസാനിപ്പിച്ചുവരുന്ന മലയാളികളുടെ സാങ്കേതിക വൈദഗ്ദ്ധ്യവും പരിചയസമ്പത്തും സംസ്ഥാനം ഉപയോഗപ്പെടുത്തണമെന്ന് പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പ്രവാസി വോട്ടവകാശവും ചര്‍ച്ചാവിഷയമായി. എംബസികളില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. വിദേശത്ത് റിക്രൂട്ട്‌മെന്റ് പ്രക്രിയകള്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രി ഉറപ്പുനല്‍കി. അഞ്ചാംലോക മലയാള സമ്മേളനം ജര്‍മ്മനിയില്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് ജര്‍മ്മന്‍ പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു. മന്ത്രിമാരായ ടി.എം.തോമസ് ഐസക്ക്, വി.എസ്.സുനില്‍കുമാര്‍, എം.പിമാരായ പി.കെ.ബിജു, പി.കെ.ശ്രീമതി, എം.എല്‍.എമാരായ സി.എഫ്.തോമസ്, പി.ടി.തോമസ്, രാജുഎബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.