പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണം പ്രവാസി തൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നതിനു തുല്യം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ അങ്ങേയറ്റം വിവേചനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് തൊഴിലിന്റെ അടിസ്ഥാനത്തില്‍ രണ്ടു നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ എന്നത് അധിക്ഷേപകരമായ നടപടിയാണ്.

സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം.

ശുപാര്‍ശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ട് ഓറഞ്ചു നിറത്തിലായി മാറും. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കല്‍പ്പമാണ് ഇതോടു കൂടി ഇല്ലാതാവുക.

കൊളോണിയല്‍ കാലത്തുണ്ടായിരുന്ന നിറത്തിന്റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അര്‍ഥത്തില്‍ സമ്പത്തിന്റെയും മറ്റും പേരില്‍ പുനര്‍ജനിക്കും. യാതൊരു കാരണവശാലും ഇത് അനുവദിക്കരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.