മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്

ന്യൂഡല്‍ഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി . ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് തീരുമാനമെടുത്തത്. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയ കേസുകളാണ് പരിഗണിക്കുന്നത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരും ബെഞ്ചിലില്ല.

ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കേസ് കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിനാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതില്‍ കൊളീജിയത്തിലെ മറ്റ് ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവരെ ഉള്‍പ്പെടുത്തിയില്ല.

ജനുവരി 12 ന് കോടതിക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തി ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ബെഞ്ച് രൂപീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നതാണ് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന ആരോപണം.

സുപ്രിം കോടതിയിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും വിഷയം പരിഹരിച്ചെന്നും നേരത്തെ അറ്റോര്‍ണി ജനറല്‍ കെകെ വോണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു. രാവിലെ കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് പതിവുപോലെയുള്ള ചായസത്കാരത്തിനിടയ്ക്ക് ജഡ്ജിമാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തിയെന്നും ഇതില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നുമാണ് എജി വ്യക്തമാക്കിയത്.