വെള്ളാനകളുടെ നാട്ടില്‍ കിരണ്‍ കെ. കൃഷ്ണ; വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷം വിവാഹസര്‍ട്ടിഫിക്കിനായുള്ള പോരാട്ടം

പത്തനാപുരം: ഒരു മനുഷ്യനെ സര്‍ക്കാര്‍ ഓഫീസില്‍ കയറ്റിയറിക്കി എങ്ങനെ വട്ടംചുറ്റിക്കാം എന്ന് ഗവേഷണം ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ് കിരണ്‍ കെ. കൃഷ്ണയെ ബന്ധപ്പെടണം. കല്യാണം കഴിഞ്ഞ് വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഈ ചെറുപ്പക്കാരന്‍ അനുഭവിച്ച പങ്കപ്പാടിന്റെ കഥ അദ്ദേഹം പറയും. സര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കിക്കിട്ടാന്‍ അഞ്ചുവര്‍ഷം കിരണിന് ഉദ്യോഗസ്ഥ മേധാവികളുമായി പോരാടേണ്ടി വന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ തങ്ങള്‍ക്ക് തോന്നിയപോലെ സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യഖ്യാനിക്കുന്നതിന്റെ ഒരോ ഇരകളാണ് നാം ഓരോരുത്തരും.

ഇന്ത്യന്‍ മാര്യേജ് ആക്ട് പ്രകാരം 2011 സെപ്റ്റംബറിലാണ് കിരണിന്റെ വിവാഹം നടന്നത്. സര്‍ട്ടിഫിക്കറ്റിന് പത്തനാപുരം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയപ്പോള്‍ സമുദായ സര്‍ട്ടിഫിക്കറ്റ് വേണെമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ തിട്ടൂരം. എന്നാല്‍ പൊതുവിവാഹ രജിസ്‌ട്രേഷന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ മാത്രമേ താന്‍ ഹാജരാക്കൂ എന്ന് കിരണ്‍ പറഞ്ഞതോടെ അപേക്ഷ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടിക്കളിക്കാന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ഒരു വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖ, വധൂവരന്‍മാരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും വിവാഹത്തിന് സാക്ഷിയായവരുടെ ഒപ്പും അപേക്ഷയുമാണ്. പഞ്ചായത്ത് സെക്രട്ടറി സമുദായത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് കിരണ്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പരാതി നല്‍കലും അന്വേഷണവും ഒക്കെ മുറപോലെ നടന്നു. മുഖ്യമന്ത്രിമുതല്‍ താഴോട്ട് എല്ലാര്‍ക്കും പരാതി നല്‍കി. പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് ജനനത്തീയതി തെളിയിക്കാനുള്ള എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പും കല്യാണ ക്ഷണക്കത്തും മാത്രം സ്വീകരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശം ഉണ്ടായത്. ഇത് സംബന്ധിച്ച് ഗവണ്‍മെന്റിന്റെ സര്‍ക്കുലര്‍ ഉദ്യോഗസ്ഥരെത്തേടിയെത്തി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വകുപ്പുതല സ്റ്റഡി ക്ലാസും നല്‍കി.