മധുരയില്‍ പിടികൂടിയ ഭീകരന്‍ ഐ.ടി എന്‍ജിനീയര്‍

ചെന്നൈ: കഴിഞ്ഞദിവസം മധുരയില്‍ നിന്ന് പിടികൂടിയ അല്‍ഖ്വയ്ദ ഭീകരരില്‍ ഒരാള്‍ പ്രമുഖ ഐ.ടി സ്ഥാപനമായ ടി.എസ്.എസിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആണ്. മധുര കരിസ്മ പള്ളിവാസല്‍ സ്വദേശിയായ 23കാരനായ ദാവൂദ് സുലൈമാന്‍ എന്ന എന്‍ജിനീയറാണ് ഭീകരരിലെ പ്രമുഖന്‍. ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ചെന്നൈയിലെ തിരുവാണ്‍മിയൂരില്‍ താമസക്കാരനാണ്. ബേസ് മൂവ്‌മെന്റ് എന്നറിയപ്പെടുന്ന സംഘടനയിലെ അംഗങ്ങളാണ് ഈ നാലുപേരും. തമിഴ്‌നാട്ടില്‍ 1998 ല്‍ നിരോധിക്കപ്പെട്ട അല്‍ ഉമ്മയുടെ പുതിയരൂപമാണ് ബേസ് മൂവ്‌മെന്റ്. കൊല്ലം, മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ ഭീകര സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണ് ഇന്നലെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഈ നാലുപേരും. കരീം രാജാ, അബ്ബാസ് അലി, മുഹമ്മദ് അയൂബ് അലി എന്നിവരാണ് മറ്റ് മൂന്നുപേര്‍. കൊച്ചിയിലെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് പുറമേ മധുര, ചെന്നൈ പോലീസുകളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മൈസൂര്‍, ചിറ്റൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങല്‍ നടത്തിയതും ഇവരാണെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രിയുള്‍പ്പെടെ 22 പ്രമുഖ നേതാക്കളെ വധിക്കുന്നതിന് വേണ്ടി കരുക്കള്‍ നീക്കി വരികയായിരുന്നുവെന്ന് ഇവരെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2015 ജനുവരി മുതല്‍ ബേസ് മൂവ്‌മെന്റ് തമിഴ്‌നാട്ടില്‍ സജീവമാണ്.
ബേസ് മൂവ്‌മെന്റിന്റെ തലവന്‍ നാഗപട്ടണം അബൂബക്കര്‍ സിദ്ദിഖിയാണെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയായ സിദ്ധീഖിയെ 1993 ല്‍ ചെന്നൈ ആര്‍.എസ്.എസ് ഓഫീസ് ആക്രമിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും 2010 സുപ്രീംകോടതി ഇയാളെ വെറുതെ വിട്ടു. പിന്നീട് ഇയാള്‍ ഏഴ് സ്‌ഫോടനക്കേസില്‍ പങ്കാളിയായി.