ഇഷ്ടമുള്ളയാളെ സ്നേഹിക്കാൻ വിലക്കുന്നവർ ആദ്യം ചെയ്യേണ്ടത് സമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാനുള്ള സാമൂഹ്യാന്തരീഷം ഉണ്ടാക്കുക എന്നതാണ്

നാസർ മൂസ്സ

ആദാമിന്റെ മകൻ അബു എന്ന സിനിമ കണ്ടവർക്ക് ഒരു മുസ്ലിം എത്രത്തോളം സൂഷ്മതയോടെ വേണം പരിശുദ്ധ ഹജ്ജിന് പോകുന്നതിനുള്ള പണം സ്വരൂപിക്കേണ്ടത് എന്ന് മനസ്സിലാകും. ഹലാൽ അല്ലാത്ത അതായത് നേരായ മാർഗ്ഗത്തിൽ അല്ലാതെ ഉണ്ടാക്കുന്ന ഒരു പണവും ഹജ്‌ജ് എന്ന പുണ്യയാത്രയ്ക്കായ് ഉപയോഗിക്കാൻ പാടില്ല.

ഹജ്ജ് ഒരു മുസൽമാന്റെ അഞ്ച് കർമ്മങ്ങളിൽ അഞ്ചാമത്തെ കർമ്മമാണ് . പണവും ആരോഗ്യവും ഉള്ളവനുമാത്രമാണ് ഖുർആനിൽ ഹജജ് ചെയ്യൽ നിർബന്ധമാക്കിയത് . എന്നാൽ ഇന്നത് മറ്റ് പലതിലും എന്ന പോലെ ചിലർ അതൊരു പൊങ്ങച്ച സിംബൽ ആക്കി മാറ്റി എടുത്തിട്ടുണ്ട്. ഹാജ്ജിയാക്കന്മാർ അവസാന വാക്ക് പറയുന്ന ഒരു കാലം മുൻപ് ഉണ്ടായിരുന്നു. അന്ന് ഹജ്ജിന് പോകുന്നവർ ഇന്ത്യയിൽ നിന്നും കപ്പലിൽ ആയിരുന്നു പോയി വന്നിരുന്നത്. തിരിച്ചു വരുമെന്ന് ഒരുറപ്പുമില്ലാത്ത യാത്ര. ഭൗതിക സുഖങ്ങൾ എല്ലാം വെടിഞ്ഞുള്ള യാത്ര തികച്ചും ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന യാത്രകൾ.

ഇന്ന് യാത്രകളുടെ കെട്ടും മട്ടും മാറി. പോകുന്നവരിൽ ഒരു ന്യൂനപക്ഷം ,ഇതാ ഞാൻ ഹജ്ജിന് എത്തിയിരിക്കുന്നു എന്നുള്ള വിളംബരം വിളിച്ചോതുന്ന സെൽഫി ഫേസ്ബുക്കിൽ ഇടുന്നതുവരെ എത്തി നിൽക്കുന്നു പരിശുദ്ധ ഹജ്ജ്. എല്ലാവരെയും പെടുത്തുന്നില്ല ന്യൂനപക്ഷം എന്ന് എഴുതിയത് ഓർമിക്കുക.

ഇന്ന് ഹജ്ജിന് യാത്രപോകാൻ ഇന്ത്യയിൽ നിന്നും ഏക മാർഗ്ഗം വിമാനം മുഘേനയാണ്. അറബി മാസം ദുൽഹജ്ജ് മാസത്തിൽ ആണ് ഹജ്ജ് എന്ന പുണ്ണ്യ കർമ്മം മുസ്ലിങ്ങൾ നടത്തുന്നത്. ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷം തീർഥാടകർ ഒരു നിശ്ചിത കളയവിൽ സൗദിയിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ വിമാന ടിക്കറ്റ് കിട്ടുവാൻ തിരക്ക് കൂട്ടുന്നു. അങ്ങനെ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ വിമാന കമ്പിനികൾ സ്പെഷ്യൽ സർവീസ് നടത്തി അമിതമായ ചാർജ് ഈടാക്കുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ഉണ്ടാകുന്ന അധിക ചാർജ്‌ നികത്താനും , തീർത്ഥടകാർക്ക് വേണ്ട മരുന്നിനും മറ്റുമായി കൊടുക്കുന്ന സർക്കാർ തുകയാണ് ഹജ്ജ് സബ്‌സിഡി എന്ന പേരിൽ അറിയപ്പെടുന്നത്.

ബ്രിട്ടീഷുകാർ ആണ് 1932 ഹജ്ജ് തീർത്ഥാടകർക്ക് ആദ്യമായ് സബ്‌സിഡി കൊടുക്കുവാന് ഫണ്ട് അനുവദിച്ചത്. അന്ന് അവർ അത്‌ അനുവദിച്ചത് കപ്പലിൽ യാത്രചെയ്യുന്ന ഹജ്ജാധികൾക്ക്‌ ആയിരുന്നു. പിന്നീട് കപ്പലിൽ നിന്നും വിമാനത്തിലേക്ക് മാറിയപ്പോൾ 1973 ഹജ്ജ് കമ്മിറ്റി ആക്ട് പുതുക്കി നിശ്ചയിച്ചു.

ഈ സബ്സിഡിയുടെ ഗുണഭോക്താവ് സത്യത്തിൽ എയർ ഇന്ത്യ എന്ന വിമാന കമ്പനി ആണ്. ഹജ്ജ് സീസൺ അടുക്കുംപ്പോൾ അവർ ടിക്കറ്റ് ഒന്നിന് 80,000 രൂപാ വരെ ഈടാക്കുന്നു. സാധാരണ യാത്ര നിരക്ക് 8,000 രൂപായിൽ താഴെ വാങ്ങുപ്പോൾ ആണ് ഈ കൊള്ള ചാർജ്ജ് ഈടാക്കുന്നത്.

ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് മാത്രം അല്ല തീർത്ഥാടനത്തിന് സബ്സിഡി കൊടുക്കുന്നത്. കുംഭമേളയ്ക്കും മാനസസരോവർ യാത്രയ്ക്കും പൊതു ഖജനാവിൽ നിന്നും പണം കൊടുക്കുന്നുണ്ട്.

ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ വിധി പ്രകാരം സബ്‌സിഡി ഘട്ടം ഘട്ടമായ്‌ നിർത്തലാക്കാൻ 2022 വരെ സമയം സർക്കാരുകൾക്ക് കൊടുത്തിട്ടുണ്ട്.

കേന്ദ്ര സർക്കാർ ഈ സബ്‌സിഡി തിടുക്കത്തിൽ നിർത്തലാക്കാനുള്ള കാരണം പറയുന്നത് ഈ തുക നിർധനരായ ന്യൂന പക്ഷവിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് എന്നാണ്. ഇഷ്ട ഭക്ഷണം കഴിക്കാൻ വിലക്കുന്ന, ഇഷ്ടമുള്ളത് കാണാൻ വിലക്കുന്ന, ഇഷ്ടമുള്ളയാളെ സ്നേഹിക്കാൻ വിലക്കുന്നവർ ആദ്യം ചെയ്യേണ്ടത് സമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാനുള്ള സാമൂഹ്യാന്തരീഷം ഉണ്ടാക്കുക എന്നതാണ്. അങ്ങനെ ഒരു രാഷ്ടീയ അന്തരീഷം ഇല്ലാതെ എന്തിനീ കാഞ്ചന കൂട്.

മഹാകവി വള്ളത്തോളിന്റെ ഈ വരികൾ ആണ് ഈ അവസരത്തിൽ ഓർമ്മിക്കുന്നത്.
“ആവു വിശപ്പില്ലേ, കാച്ചിയ പാലിതാ
തൂവെള്ളിക്കിണ്ണത്തിൽ തേന്കുഴമ്പും
നല്ല പഴങ്ങളും ആവോളം ഭക്ഷിച്ചു
വല്ലതും മുൻമട്ടിൽ സംസാരിപ്പിൻ
പ്രീതിയാലീവാ സ്വാഗത കൊഞ്ചലോ-
ടാതിഥ്യം പെൺകിടാവരഭിക്കേ
വീതിയുള്ളകാശം നോക്കി വീണ്ടും
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ”

പല മുസ്ലിം സഹോദരങ്ങളും അവരെ അവഹേളിക്കാൻ ഉള്ള ഒരു പദ്ധതിയായിട്ടാണ് ഈ സബ്‌സിഡി കണ്ടിരുന്നത് . മുസ്ലിമിന് ഹജ്ജിനു പോകാൻ പൊതു സ്വത്ത് ദാനമായ് നല്കുന്നു എന്ന്, ഇനി ഒരു വിഷകന്യകയും ചീറ്റില്ല എന്നത് വലിയൊരു ആശ്വാസമാണ്.

കോൺഗ്രസ്സ് എന്ന രാഷ്ടീയ പാർട്ടിയുടെ ദ്വിമുഖമാണ് ഈ വിഷയത്തിൽ തെളിഞ്ഞു വരുന്നത്. അവരുടെ ദേശീയ നേതാക്കൾ സബ്‌സിഡി നിർത്തലാക്കിയതിനെ പരിപൂർണ്ണ പിന്തുണ നല്കുന്നു. കേരളത്തിൽ ലീഗിന് വേണ്ടി മുതല കണ്ണുനീര് ഒഴുക്കുകയാണ് കോൺഗ്രസ്സ്. മൃതുഹിന്ദുത്വത്തിന്റെ ചീട്ട് തന്നെ അവരും ഇറക്കുന്നു.

എല്ലാ വിശ്വാസികൾക്കും വിശ്വാസം ഇല്ലാത്തവർക്കും സമാധാനമായി ജീവിക്കാനുള്ള മഹത്തായ ഒരു ഭരണഘടനയാണ് നമുക്കുള്ളത് അത് കാത്തു സംരക്ഷിക്കുകയാണ് ഇനി വേണ്ടത്.

നാസർ മൂസ്സ