യുദ്ധവിമാനത്തില്‍ പറന്ന് ഇന്ത്യയുടെ വനിതാ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചു. ഇന്ത്യയുടെ ദീര്‍ഘദൂര പോര്‍വിമാനമായ സുഖോയ്-30 എംകെഎയിലായിരുന്നു പരീക്ഷണ പറക്കല്‍. ജോധ്പൂരിലെ വ്യോമ താവളത്തില്‍ നിന്നാണ് പ്രതിരോധമന്ത്രി രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ സഞ്ചരിച്ചത്.

വ്യോമസേനയുടെ യുദ്ധവമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസിലാക്കുന്നതിനും അതിന്റെ ശേഷി സംബന്ധിച്ച പരിശോധനയ്ക്കും വേണ്ടി ആയിരുന്നു യാത്ര. മുപ്പതു മിനിറ്റു നേരത്തെ യാത്രയ്‌ക്കൊടുവില്‍ തിരിച്ചിറങ്ങുമ്പോള്‍ ഇന്ത്യയുടെ വനിതാ പ്രതിരോധമന്ത്രി പറക്കലിനെ അതിശയകരം, അവിസ്മരണീയം! എന്നാണ് വിശേഷിപ്പിച്ചത്.ജി-സ്യൂട്ട് ധരിച്ചു തയ്യാറായ പ്രതിരോധമന്ത്രിക്ക് പൈലറ്റിന്റെ പിന്നിലെ സീറ്റിലായിരുന്നു സ്ഥാനം. യാത്രയ്ക്കു മുന്‍പ് വിമാനത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കോക്ക്പിറ്റിന്റെ പ്രവര്‍ത്തനങ്ങളുമെല്ലാം മന്ത്രിയോടു വിശദീകരിച്ചിരുന്നു. അന്‍പത്തിയെട്ടുകാരിയായ മന്ത്രിയെ വഹിച്ച് ജോധ്പുറിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്കായിരുന്നു യാത്ര.

തിരിച്ചിറങ്ങിയ ശേഷം വ്യോമസേന മേധാവികളുമായി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ചയും നടത്തി. ഇന്ത്യയിലെ മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ. അബ്ദുല്‍ കലാമും പ്രതിഭാ പാട്ടീലുമാണ് മുന്‍പ് സുഖോയ് പോര്‍വിമാനത്തില്‍ യാത്രചെയ്തിട്ടുള്ളത്.