ബോളിവുഡിലെ ചര്‍ച്ച: കരീനയ്ക്ക് പ്രസവമോ, സിസേറിയനോ? 

മുംബയ്: ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച കരീന കപൂറിന്റെ ആദ്യ പ്രസവമാണ്. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് താരം പുറത്തിറങ്ങിയാലും ആരെങ്കിലും വീട്ടിലേക്ക് എത്തിയാലും ഉടന്‍ വാര്‍ത്ത പരക്കും; കരീന ഇപ്പം പ്രസവിക്കും അല്ലെങ്കില്‍ പ്രസവിച്ചു. ഉടന്‍ സെയ്ഫിനും കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറിനും മറ്റും ഫോണ്‍ വരും. പലരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മടുത്തു. ഒടുവില്‍ രണ്‍ധീര്‍ കപൂര്‍ കാര്യം വ്യക്തമാക്കി: ‘കുട്ടിയുടെ പൊസിഷനും കരീനയുടെ ആരോഗ്യവും കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ കൃത്യമായ ഡേറ്റ് പറയാത്തത്. ഏകദേശം ഡിസംബര്‍ 20തിനോട് അടുത്ത് പുതിയ അതിഥി എത്തുമെന്ന് കരുതുന്നതായും’ അദ്ദേഹം വ്യക്തമാക്കി.
സൗത്ത് മുംബയ് ആസ്പത്രിയിലാണ് കരീനയെ കാണിക്കുന്നത്. ഒരു മാസമായി ഷൂട്ടിംഗിന് അവധി നല്‍കി സെയ്ഫ് അലീഖാന്‍ വീട്ടിലുണ്ട്. ഇതുവരെ കരീനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. പുതിയ അംഗത്തെ വരവേല്‍ക്കാന്‍ സെയ്ഫിന്റെ രാജകുടുംബം കാത്തിരിക്കുകയാണ്. ഡല്‍ഹിയിലെ നവാബ് കുടുംബാംഗമാണ് സെയ്ഫ്. ശരിക്കും പറഞ്ഞാല്‍ റോയല്‍ ഫാമിലി. അതേസമയം സുഖപ്രസവമാണോ, സര്‍ജറിയാണോ എന്ന് പറയാന്‍ കഴിയില്ലെന്നും കരീനയുടെ പിതാവ് പറഞ്ഞു. അത് അന്നേരത്തെ സാഹചര്യത്തിനനുസരിച്ചേ തീരുമാനിക്കൂ എന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
2012ലാണ് കരീന സെയ്ഫ് അലീഖാനെ വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. സെയ്ഫ് 2004ല്‍ ആദ്യ ഭാര്യ അമൃതാ സിംഗുമായി വേര്‍പിരിഞ്ഞു. ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. കരീന മുമ്പ് ഷാഹിദ് കപൂറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഷാഹിദിന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തലകുത്തിവീണതോടെ കരീനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. പിന്നെയാണ് സെയ്ഫ് അലീഖാന്‍ ജീവിതത്തിലേക്ക് വന്നത്.