കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസി(എം)നെ യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.മാണിയെ തിരികെകൊണ്ടുവരുന്നതിന്റെ ഭാഗമായി അനുരഞ്ജന ചര്‍ച്ചകള്‍ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയുമാണ് നിയോഗിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മാണിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണ് കെ.എം മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാന്‍ ശ്രമം നടക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍.

അടുത്ത തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലം വെച്ചു മാറി പകരം വയനാട് നല്‍കണമെന്ന് മാണി ആവശ്യപ്പെട്ടതായാണ് സൂചന. മുന്നണിയില്‍ തിരിച്ചെത്തിയാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തിരിച്ചടി കിട്ടുമെന്ന ഭയം കേരള കോണ്‍ഗ്രസിനുണ്ട്. അതിനാലാണ് ഒരു തവണത്തേക്ക് അവര്‍ വയനാട് ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കുന്ന കാര്യം സംശയത്തിലാണ്. പക്ഷേ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇത്തരമൊരു നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറായേക്കുമെന്നും വിലയിരുത്തലുണ്ട്.

മുന്നണിയിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് വേഗത്തില്‍ വേണമെന്ന നിലപാടാണ് യു.ഡി.എഫിന്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വേണമെന്നാണ് മുന്നണിയുടെ താല്‍പ്പര്യം. അതേസമയം ഈ നീക്കത്തോട് തിടുക്കത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് മാണിയുടെ തീരുമാനം. ഇക്കാര്യത്തേക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നാണ് ജോസഫ് എം പുതുശേരിയും പ്രതികരിച്ചത്. നിലവില്‍ സ്വീകരിക്കുന്ന നിലപാട് അല്‍പകാലം കൂടി തുടരുന്നത് ഗുണം ചെയ്യുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ മാണിയുടെ പരസ്യ പിന്തുണ ചെങ്ങന്നൂരില്‍ ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കരുതുന്നത്