പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് രാജസ്ഥാന്‍ പൊലിസ് പിന്‍വലിച്ചു

ജയ്പൂര്‍: വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് രാജസ്ഥാന്‍ പൊലിസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. സവായ് മധോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍ സിറ്റി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

നിരോധനാജ്ഞ ലംഘിച്ച് ഗംഗാപൂരില്‍ പ്രസംഗിച്ചെന്ന 15 വര്‍ഷം പഴക്കമുള്ള കേസാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.

കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലിസ് തൊഗാഡിയയെ തേടി ഗുജറാത്തിലെത്തിയതോടെയാണ് സംഭവം വീണ്ടും വിവാദത്തിലായത്. ശേഷം ദുരൂഹസാഹചര്യത്തില്‍ കാണാതായ തൊഗാഡിയയെ ഷാഹിബാഗിലെ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ഉടന്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പിന്നാലെ ഗുജറാത്ത് രാജസ്ഥാന്‍ സര്‍ക്കാരുകള്‍ തന്നെ വോട്ടയാടുന്നതായും വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും തൊഗാഡിയ പരസ്യപ്രസ്താവന നടത്തിയിരുന്നു.തന്നെ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നതര്‍ നീക്കം നടത്തിയെന്ന പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ ആശങ്കയിലാക്കിയിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കാനും മുഖം രക്ഷിക്കാനും നേതാക്കളുടെ ഭാഗത്തു നിന്ന് തൊഗാഡിയക്കെതിരേ പരസ്യവിമര്‍ശനങ്ങളുണ്ടാകാന്‍ പാടില്ലെന്ന് അമിത് ഷാ ദേശീയ ഭാരവാഹികള്‍ക്കും സംസ്ഥാന ഘടകങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഒരു ദശകത്തോളം പഴക്കമുള്ള കേസിന്റെ പേരിലാണു രാജസ്ഥാന്‍ പൊലിസ് തന്നെ വേട്ടയാടുന്നത്. തന്റെ ശബ്ദം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇസെഡ് കാറ്റഗറി സുരക്ഷയുള്ള തൊഗാഡിയ പറഞ്ഞു. ഇതിന് ശേഷമാണ് 15 വര്‍ഷം മുന്‍പുള്ള കേസ് പിന്‍വലിക്കുന്നതിനായി പൊലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.