പാസ്‌പോര്‍ട്ടിലെ പരിഷ്‌കാരങ്ങള്‍:പ്രവാസികള്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.  വിവേചനം നേരിടുന്ന കളര്‍ മാറ്റത്തിന് പുറമെ പാസ്‌പോര്‍ട്ടിലെ അവസാന പേജുകള്‍ നീക്കം ചെയ്യുന്നത് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്ന് ഇതിനകം തന്നെ ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു. തങ്ങളുടെ അഡ്രസുകളും രക്ത ബന്ധ വിവരങ്ങളും ഉള്‍പ്പെടുന്ന പേജ് നീക്കം ചെയ്യുന്നതോടെ പ്രവാസികള്‍ ഇനി പല കാര്യങ്ങള്‍ക്കും രക്ത ബന്ധം തെളിയിക്കുന്ന രേഖകള്‍ ഉണ്ടാക്കാനും അത് തെളിയിക്കാനും നെട്ടോട്ടമോടേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രവാസി സംഘടനകള്‍. നിയമ പോരാട്ടത്തിനും പ്രവാസി അഭിഭാഷകര്‍ ഒരുങ്ങുകയാണ് .
പരിഷ്‌കരിച്ച പാസ്‌പോര്‍ട്ട് പ്രകാരമാണ് ഇത്തരം മണ്ടത്തരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വിദ്യഭ്യാസ യോഗ്യതയേക്കാള്‍ വലിയ പ്രത്യാഘാതമാണ് അവസാന പേജ് നീക്കുന്നതിലൂടെ പ്രവാസികള്‍ നേരിടാന്‍ പോകുന്നത്. പാസ്‌പോര്‍ട്ട് അഡ്രസ്സ് പ്രൂഫ് അല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതോടെ അവസാനത്തെ പേജിലെ വിലാസം വിവരങ്ങളും ഭാര്യ ഭര്‍ത്താക്കന്മാരുടെയും മാതാപിതാക്കളുടെയും പേരുകള്‍ നീക്കം ചെയ്യും. ഇതോടെ പ്രവാസികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഇതിനായി പിന്നീട് മറ്റു പല രേഖകളും ഹാജരാക്കേണ്ടി വരികയും അതിനു തെളിവ് സംഘടിപ്പിക്കുവാന്‍ നെട്ടോട്ടമോടുകയും വേണ്ടി വരും. അന്യ നാടുകളില്‍ മരിക്കുകയും അപകടത്തില്‍ പെടുകയും ചെയ്താല്‍ പ്രവാസികളുടെ രക്ത ബന്ധുക്കളെ കണ്ടെത്തുന്നതും തെളിയിക്കുന്നതും നിലവില്‍ പാസ്‌പോര്‍ട്ട് വഴിയാണ്.  മാത്രമല്ല, ഇത്തരം അത്യാഹിത ഘട്ടങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകക്കോ മറ്റോ  ഇവരുടെ ബന്ധുക്കളെയോ നാട്ടിലെ വിലാസമോ കണ്ടെത്തുക പ്രയാസമായിരിക്കും. ഇതിനായി പാസ്‌പോര്ട്ടുംക് കൊണ്ട് എംബസിയില്‍ കയറിയിറങ്ങി മുഷിയായാനായിരിക്കും വിധി
സന്ദര്‍ശന വിസ തരപ്പെടുത്തുമ്പോഴും ഇതോടെ പ്രവാസികള്‍ക്ക് നൂലാമാലയായി മാറും.  അവസാന പേജുകള്‍ ലഭ്യമല്ലെങ്കില്‍ ഇസ്തിഖ്മ ഓഫീസുകള്‍ എങ്ങിനെയാണ് വിസ അനുവദിക്കുകയെന്നത്  വ്യക്തമല്ല. മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ക്ക് നിലവിലെ റേഷന്‍ കാര്‍ഡ് പോലുള്ള മറ്റു കാര്യങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷകളില്‍ ആയതിനാല്‍ വിദേശ രാജ്യങ്ങളിലെ ഓഫീസുകള്‍ എങ്ങനെ സ്വീകരിക്കുമെന്നും വ്യക്തമല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന  തിരിച്ചറിയല്‍ കാര്‍ഡിലോ ആധാറിന്റെ ഇത്തരം വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ല. മാത്രമല്ല,  വിദേശികള്‍ക്ക് ആധാര്‍ ലഭിക്കുന്നത് പ്രയാസകരുമാണ്. സഊദി പോലുള്ള വലിയ രാജ്യങ്ങളില്‍ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യന്നവരും മരണം, അപകടം, തുടങ്ങിയ അത്യാഹിതങ്ങളില്‍ തുണക്കെത്തുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ഇതുണ്ടാക്കി വെക്കുന്ന പൊല്ലാപ്പ്  ചില്ലറയായിരിക്കില്ല.പുതിയ നിയമത്തിനെതിരെ വിവിധ പ്രവാസി സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാവുകയാണ്. കോടതികളില്‍ നേരിടാനാണ് ഇവരുടെ തീരുമാനം.
പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി വിദേശത്തെ ഇന്ത്യന്‍ അഭിഭാഷക സമൂഹം മുഴുവന്‍ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളെ സമീപിക്കുന്ന നിയമപോരാട്ട രീതിയാണ് ആലോചിക്കുന്നതെന്ന് ലോക കേരളസഭാംഗം കൂടിയായ അഡ്വ. മുസ്തഫ പറഞ്ഞു. വിമാനത്താവളങ്ങളിലെ യൂസേഴ്‌സ് ഫീക്കെതിരെയായ വിധി പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ പ്രവാസികള്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.