പേരാവുരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ; ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: പേരാവുരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. കൊല ചെയ്യാനുപയോഗിച്ച മൂന്ന് വാളും, ഒരു കത്തിയുമാണ് കണ്ടെടുത്തിരിക്കുന്നത്. ആക്രമണം നടന്ന നെടുംപൊയിലില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലില്‍ വച്ച് കക്കയങ്ങാട് ഗവ.ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.