കണ്ണന്റെ തിരുമുമ്പില്‍ കലയുടെ വര്‍ണരേണുക്കള്‍

ഹരികുമാര്‍ മാന്നാര്‍

ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണില്‍ പുതുതായി നിര്‍മിച്ച ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍റെ ചിരപ്രതിഷ്ടാകര്‍മത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗീത, നൃത്ത, കലാ പ്രകടനങ്ങള്‍ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി.

കണ്ണന്‍റെ നിഗ്രഹത്തിനായി നിയോഗിക്കപ്പെടുന്ന പൂതന അന്പാടിയിലെത്തുന്‌പോഴുള്ള മനോവിചാരങ്ങള്‍ കഥകളിയിലൂടെ ആവിഷ്കരിച്ച ഉണ്ണിപ്പോത്ത്, അനുപ ദിദോശ്, തായേ ശശോദേ ഉന്‍അയര്‍കുലത്തുദിച്ച എന്ന പ്രസിദ്ധമായ വരികള്‍ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിച്ച നിതാസഹദേവ്, ചടുലമായ നൃത്താവിഷ്കാരം നടത്തിയ സുമയും ഹരികൃഷ്ണനും കുച്ചിപ്പുടി ഡാന്‍സിലൂടെ കാണികളുടെ മനം കവര്‍ന്ന പത്മിനി ഉണ്ണിയും പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി.

ശാസ്ത്രീയ സംഗീതാലാപനം നടത്തിയ ശ്രദ്ധ ശ്രീകാന്ത്, വിഷ്ണു സുബ്രഹ്മണി, നിഷാല്‍ പ്രവീണ്‍ എന്നിവരും ശാസ്ത്രീയ നൃത്തങ്ങള്‍ അവതരിപ്പിച്ച മഞ്ജുള ദാസ്, പാര്‍വതി മനോജ്, രോഹിണി അന്പാട്ട്, തണ്‍വി അന്പാട്ട്, അമൃത ജയപാല്‍, അംബിക മേനോന്‍ എന്നിവരും കാണികളുടെ കൈയടി നേടി.

യുവകലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുവാനും അരങ്ങേറ്റം നടത്തുവാനും അതുവഴി ഭാരതീയ കലാ, സാംസ്കാരിക പൈതൃകം വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനും ക്ഷേത്രം മുന്‍കൈ എടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Picture2