ഒരു കഷ്ണം പൊരിച്ച മീനും റീമാ കല്ലിങ്കലും ഇരകളുടെ മാനിഫെസ്റ്റോയും

ടൈറ്റസ്‌ കെ.വിളയില്‍

ഒരു കഷ്ണം പൊരിച്ചമീനിലെന്തിരി-
ക്കുന്നെന്നു ചോദിക്കാന്‍ വരട്ടെ;
ഭക്ഷണനിഷേധത്തേക്കാള്‍ പലതുമതിലുണ്ട്‌.
പെണ്ണെന്നയവഗണനയുണ്ട്‌,
മിച്ചമുണ്ടായാല്‍ മാത്രം നിനക്കെ-
ന്നയശ്ലീലയാജ്ഞാസ്വരമുണ്ട്‌,
കരിഞ്ഞതോ പൊടിഞ്ഞതോ
വേണേല്‍ കഴിക്കെന്ന,യവജ്ഞയു-
ണ്ടരുതുകളിലൂടെ വളര്‍ന്നു വരുന്ന
പെണ്ണിന്റെ അപമാനമുണ്ട്‌;രോഷമുണ്ട്‌,
ആത്മനിന്ദകളുണ്ട്‌,ധര്‍മസങ്കടങ്ങളുണ്ട്‌;
പ്രിവിലേജ്ഡ്‌ ആയ ആണടിച്ചേല്‍പ്പിച്ച
നൂറ്റാണ്ടുകളുടെ ‘ഫെമ്മേഫോബി’യയുണ്ട്‌ *

ചെയ്യരുതായ്മകളുടെ
രാവണന്‍കോട്ടയ്ക്കുള്ളില്‍
മുതിര്‍ന്നാലു,മംഗന ജന്മം!
ഋതുമതിയായാ,ലാണ്‍കുട്ടികളുടെ
കൂട്ടരു;തുമ്മറത്തിരിക്കരുത്‌,
കാലകത്തി നില്‍ക്കരു,തുച്ചത്തില്‍
ചിരിക്കരുത്‌,മിണ്ടരു;തധികം
കൊഴുപ്പുള്ള ഭക്ഷണമരുത്‌,
ശബ്ദത്തിലധോവായു പുറത്തു വിടരുത്‌;
ചോദ്യങ്ങളരുത്‌,കൂവരുത്‌,
പ്രണയിക്കരു,താണിന്റെ സൗഹൃദമരുത്‌;
സര്‍ഗാത്മകജീവിതമരു,തക്ഷരങ്ങളാല്‍
സ്വത്വാന്വേഷണമരുത്‌.
തൊഴിലിടങ്ങളില്‍,പൊതുവിടങ്ങളില്‍,
കിടക്കയില്‍ പോലും മുന്‍കൈയ്യരുത്‌.
ഒതുക്കവു,മച്ചടക്കവു;മെല്ലാ,മുള്ളി-
ലൊതുക്കലുമത്രേ കുലസ്ത്രീ
മഹിമകളെ,ന്നയാണധികാര
നിര്‍മ്മിതികളന്ത്യശ്വാസംവരെ!!

അധിനിവേശ പാരമ്യത്തിലെ
‘ആണ്‍ ‘ എന്ന പ്രിവിലേജ-
തിലായിരുന്നിത്രനാളും
മീനിന്റെ നടുക്കഷ്ണവും
വാല്‍ക്കഷ്ണവും കിട്ടിയത്‌.
പങ്കുവയ്ക്കലിലെ അധികാംശം
പെണ്ണിന്റെയവകാശധ്വംസനം.
പൊരിച്ച മീനിന്‌ വേണ്ടിയുള്ള
പിടച്ചിലല്ല ഫെമിനിസം.
ജീവിതത്തിന്റെ സൂക്ഷ്മതല
വിവേചനങ്ങളോട്‌ പോരടിച്ചാ-
ണോരോ പെണ്ണും ഫെമിനിസ്റ്റാകുന്നത്‌.
ഇതൊക്കെ റീമയെ ‘ട്രോളി’-
ക്കൊല്ലുമാണ്‍വങ്കത്തക്കൂട്ടങ്ങള്‍
എന്നു തിരിച്ചറിയും കാലമേ?

**മുലമറച്ചും
***മുലമുറിച്ചും
മലയാളപ്പെണ്മയുയര്‍ത്തിയ
വിമോചനപ്പൊന്‍കൊടി
തീന്മേശയസമത്വത്തിന്മേലെ
നാട്ടിയിരിക്കുന്നു റീമ!!!
നിവരുന്ന പെണ്മ-
യ്ക്കഭിവാദ്യങ്ങള്‍….
———————————————————————————-
*Femmephobia-സ്ത്രൈണമായതെന്തിനേയും കഠിനമായി വെറുക്കുന്ന മാനസികാവസ്ഥ
**സ്വാതന്ത്ര്യ പൂര്‍വ കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ സമരമായ ,പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ നാടാര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ തെക്കന്‍ തിരുവിതാംകൂറില്‍ നടത്തിയ മാറുമറയ്ക്കല്‍ സമരം
*** മുലക്കരത്തില്‍ പ്രതിഷേധിച്ച്‌ തന്റെ രണ്ട്‌ മുലകളും മുറിച്ചു നല്‍കി,പത്തൊന്‍പതാം നൂറ്റാണ്ടില്‍ ,മധ്യതിരുവിതാംകൂറിലെ പെണ്‍പോരാട്ട വീര്യമായ നങ്ങേലി