കളക്ടര്‍ അനുപമയോടും,മന്ത്രി സുധാകരനോടും: അധികാരത്തിന്റെ അഹങ്കാരം നഴ്സുമാരോടല്ല വേണ്ടത്‌

ടൈറ്റസ്‌ കെ വിളയില്‍

ആലപ്പുഴ ജില്ല കളക്ടര്‍ അനുപമയും പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരനും അറിയാന്‍ ,തൊഴില്‍ രംഗത്ത്‌ നിങ്ങള്‍ രണ്ടുപേരും പുലര്‍ത്തുന്ന ഉന്നതമായ നീതിബോധവും  അഴിമതിയോട്‌/അഴിമതിക്കാരോട്‌ നിങ്ങള്‍ പുലര്‍ത്തുന്ന സീറോ ടോളറന്‍സും അംഗീകരിച്ചു കൊണ്ട്‌ തന്നെ പറയട്ടെ:

നിങ്ങടെ പരാക്രമം, ഭരണപരമായ ചെറ്റത്തരം നഴ്സുമാരൊടല്ല വേണ്ടത്‌.
അസംഘടിതരും തൊഴില്‍പരമായ ചൂഷണത്തിന്‌ വിധേയരാകുന്നവരുമായ നഴ്സുമാരെ, അധികാരത്തിന്റെ ഹുങ്കില്‍ ഒതുക്കാം എന്നാണു നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ പമ്പരവിഡ്ഢികളാണ്‌ നിങ്ങളെന്ന്‌ പറയേണ്ടി വരും.
മാന്യമായി തൊഴില്‍ ചെയ്ത്‌ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്‌
158 ദിവസമായി കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ സമരം തുടരുന്നത്‌.
ആ സമരം മാന്യമായി ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ട നിങ്ങള്‍ രണ്ടുപേരും ആരേ സംരക്ഷിക്കാനാണ്‌ നഴ്സുമാരുടെ സമരപ്പന്തല്‍ പൊളിക്കാന്‍ ഉത്തരവിട്ടത്‌? എന്താണ്‌ നിങ്ങളുടെയൊക്കെ ഉദ്ദേശ്യം?

ദേശീയപാതയോരം കൈയ്യേറി എന്നതാണോ നഴ്സുമാര്‍ ചെയ്ത കുറ്റം?
എന്റെ കളകടറെ നിങ്ങള്‍ ഏതു നാട്ടിലാണ്‌ ജീവിക്കുന്നത്‌?
നിങ്ങള്‍ ജില്ലാ കളക്ടറായിരിക്കുന്ന ആലപ്പുഴ നഗര്‍ത്തില്‍ തന്നെ
എത്ര പ്രമാണിമാരാണ്‌ ദേശീയപാതയോരം കൈയ്യേറി
എല്ലാ നിയമങ്ങളും വെല്ലുവിളിച്ച്‌ , നിങ്ങളുടെ മുന്നിലൂടെ
ഞെളിഞ്ഞു നടക്കുന്നത്‌? അവരെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന നിങ്ങള്‍ക്ക്‌
നഴ്സുമാരുടെ സമരപ്പന്തല്‍ പൊളിക്കാന്‍ നിയമപരമായോ ധാര്‍മ്മികമായോ യാതൊരു അവകാശവും അധികാരവുമില്ലെന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.

തോമസ്‌ ചാണ്ടി വിഷയത്തില്‍ നട്ടെല്ലുവളയ്ക്കാതെ നിയമനടപടികളെടുത്ത അനുപമ ഐഎഎസിനെ വാഴ്ത്തിപ്പാടിയ അതേ നാവുകൊണ്ട്‌ നിങ്ങളെ ഭള്ളുപറയിക്കാന്‍ അവസരമൊരുക്കരുത്‌.
പകരം കളകടര്‍ എന്ന നിലയ്ക്കുള്ള അധികാരം പ്രയോഗിച്ച്‌
കെ.വി.എം ആശുപത്രിയുടെ മുഷ്കന്മാരായ അധികൃതരെകൊണ്ട്‌
സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുകയാണ്‌ വേണ്ടത്‌. ഇവിടെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രി ജി.സുധാകരന്റെ പങ്കും ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. അദ്ദേഹത്തിന്റെ വകുപ്പാണ്‌ പൊതുമരാമത്ത്‌.ആ വകുപ്പിലെ ഉദ്യോഗസ്ഥരെ നീതിക്കു വേണ്ടിയുള്ളപോരാട്ടവും പോക്കറ്റുവീര്‍പ്പിക്കാനുള്ള സ്ഥലം കൈയ്യെറ്റവും തമ്മിലുള്ള അന്തരം വ്യക്തമാക്കിക്കൊടുക്കാന്‍ ജനകീയ സമരങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച ഒരു പാര്‍ട്ടിയുടെ മന്ത്രിയായ സുധാകരന്‌ ഉത്തരവാദിത്തമുണ്ട്‌.17 നവംബര്‍ 16ന്‌ പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരമുള്ള 30,000 രൂപ ശമ്പളത്തിനു വേണ്ടിയല്ല ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ 120 ഓളം നഴ്സുമാര്‍ സമരം ചെയ്യുന്നതെന്നു തിരിച്ചറിയാനുള്ള തൊഴിലാളിസ്നേഹവും ഭരണപാടവവും മന്ത്രി സുധാകരനുണ്ട്‌.

2017 നവംബറില്‍ പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക്‌ ലഭിക്കേണ്ട .30,000 രൂപ ശമ്പളത്തിനു വേണ്ടിയല്ല ,മറിച്ച്‌ 2013 ലെ മിനിമം വേജസ്‌ നടപ്പാക്കണമെന്ന
തികച്ചും ന്യായമായ ആവശ്യമുന്നയിച്ചാണ്‌ 158 ദിവസമായുള്ള സമരം.
7000 രൂപ ശമ്പളവും അശാസ്ത്രീയ ഷിഫ്റ്റ്‌ സമ്പ്രദായവും ഏര്‍പ്പെടുത്തി
നഴ്സുമാരെ കൊല്ലാക്കൊലചെയ്ത്‌ ചൂഷണം ചെയ്യുന്നതിനെതിരെ
സമാധാനപരമായി സമരം ചെയ്യുന്നവരുടെ പന്തല്‍ പൊളിച്ചു നീക്കുന്നത്‌
ഭരണപരമായ ചെറ്റത്തരമല്ലേ മന്ത്രി സഖാവേ?