ഐഎസ് ഭീകരര്‍ 250 കോടിയുടെ വസ്തുക്കള്‍ മോഷ്ടിച്ചു

ഫിലിപ്പൈന്‍സ്: ഐഎസ് ഭീകരര്‍ ഫിലിപ്പൈന്‍സില്‍ വന്‍ കവര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. സംഘടനയിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നും സൂചനയുണ്ട്. പണവും സ്വര്‍ണവുമുള്‍പ്പെടെ 250 കോടിയോളം രൂപയുടെ വസ്തുക്കളാണു ദക്ഷിണ ഫിലിപ്പൈന്‍സില്‍ പല ദിവസങ്ങളിലായി ഭീകരര്‍ മോഷ്ടിച്ചത്. പുതിയ ആക്രമണങ്ങള്‍ നടത്താന്‍ 250 ഭീകരരെ റിക്രൂട്ട് ചെയ്തതായും സൂചനയുണ്ട്.

ഐഎസിന്റെ പ്രധാനികളില്‍ ഒരാളായ ഹുമം അബ്ദുല്‍ നജീബെന്ന അബു ദറില്‍നിന്നാണു ഫിലിപ്പൈന്‍സ് സേനയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മരാവിയില്‍നിന്നു രക്ഷപ്പെട്ട ഇയാളെ കഴിഞ്ഞ ഒക്ടോബറില്‍ ഫിലിപ്പൈന്‍സ് സേന കസ്റ്റഡിയിലെടുത്തിരുന്നു. ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയതും ജനങ്ങളെ ബന്ദികളാക്കി വാങ്ങിയതുമാണു പണമെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ടതില്‍ കുറച്ചുഭാഗം അബു ദറില്‍നിന്നു പിടിച്ചെടുത്തു. ബാങ്ക് ലോക്കറുകള്‍ തുറക്കാന്‍ ചിലപ്പോള്‍ ബോംബുകള്‍ ഉപയോഗിക്കാറുണ്ടെന്നും അബു ദര്‍ പറഞ്ഞു.

ഐഎസിന്റെ യുദ്ധമുന്നണിയിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യാനാണു പണം ഉപയോഗിച്ചിരുന്നതെന്ന് അബു ദര്‍ വ്യക്തമാക്കി. ഫിലിപ്പൈന്‍സ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നൂറോളം പേര്‍ക്കു പകരം ആളെ കണ്ടെത്താന്‍ ഇയാള്‍ക്കു കഴിഞ്ഞിരുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാനുള്ള പദ്ധതിയില്‍നിന്ന് ഐഎസ് പിന്മാറിയിട്ടില്ലെന്നു മരാവി ടാസ്‌ക് ഫോഴ്‌സ് കേണല്‍ റോമിയോ ബ്രോണര്‍ മുന്നറിയിപ്പു നല്‍കി. ആയുധവും പോരാളികളെയും സ്വന്തമാക്കാന്‍ അവരിപ്പോഴും ശ്രമിക്കുകയാണ്. മറ്റൊരു ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.