സാമ്പത്തിക പരാതിയില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സാമ്പത്തിക പരാതിയില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെതിരെ നിലവില്‍ പരാതിയില്ല. നിയമപരമായ പരാതിക്ക് വിധേയനാകാന്‍ തയ്യാറാണ്. യാഥാര്‍ഥ്യം മനസിലാക്കി മാധ്യമങ്ങള്‍ നിലപാടെടുക്കണമെന്നും കോടിയേരി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോടിയേരിയുടെ പ്രതികരണം. ദുബൈയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കോടിയേരിയുടെ മകനെതിരായ ആരോപണം.

അതേസമയം ആരോപണം നിഷേധിച്ച് കോടിയേരിയുടെ മകന്‍ ബിനോയ് രംഗത്തുവന്നിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന് ബിനോയ് പറഞ്ഞു. തനിക്കെതിരെ പരാതി ഇല്ല. ദുബൈയില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തതാണ്. 2014ലെ ഇടപാട് ആണ് ഇപ്പോള്‍ വിവാദം ആകുന്നതെന്നും ബിനോയ് പറഞ്ഞു.

ബിനോയ്‌ക്കെതിരെ കമ്പനി പ്രതിനിധികള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. ദുബൈയിലെ കമ്പനിയില്‍ നിന്ന് പണം തട്ടിയെന്നാണ് പരാതി. കമ്പനി പ്രതിനിധികള്‍ പിബിയെ സമീപിച്ചു. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ദുബൈയിലെ കോടതിയില്‍ നടപടികള്‍ തുടങ്ങി. ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടി തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും പരാതിയുണ്ട്.