കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന പരാതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാറും അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന പരാതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാറും അന്വേഷിക്കുന്നു. ദുബായിലെ പ്രമുഖ കമ്പനി നല്‍കിയ പരാതി സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികളായ റോയും ഐ.ബിയുമാണ് അന്വേഷിക്കുന്നത്.

സിപിഎം കേന്ദ്ര നേതൃത്വത്തിന് ലഭിച്ച പരാതിയെ സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയിരിക്കുന്നത്.

ദുബായിയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നും 13 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയാണ് ഇപ്പോള്‍ കേരളത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ദുബായില്‍ റോയും കേരളത്തില്‍ ഐ.ബിയും ഇതു സംബന്ധമായ വിശദാംശങ്ങള്‍ ശേഖരിച്ച് വരുന്നതായാണ് ലഭിക്കുന്ന വിവരം. ബി.ജെ.പിയുടെ ബന്ധ ശത്രുവായ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.

അടുത്തയിടെ സി.പി.എം നേതാക്കള്‍ നടത്തിയ ചൈന-ഉത്തര കൊറിയ അനുകൂല നിലപാടുകള്‍ കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും പ്രകോപിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നത നേതാവിന്റെ മകനെതിരായ ആരോപണം നല്ലൊരു ആയുധമായി ബി.ജെ.പി മുന്നില്‍ കാണുന്നുണ്ട്.