ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ എടികെയും കോച്ചിനെ പുറത്താക്കുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലിഗില്‍ പരിശീലകരുടെ കൊഴിഞ്ഞുപോക്ക് തുടരാന്‍ സാധ്യത. ഇത്തവണ എടികെയാണ് തങ്ങളുടെ പരിശീലകന്‍ ടെഡി ഷെറിംഗ്ഹാമിനെ പുറത്താക്കുന്ന കാര്യം ആലോചിക്കുന്നത്. മോശം ഫോമാണ് ടെഡിയെ പുറത്താക്കാനുള്ള കാരണം.

ഇതിന് മുമ്പ് മോശം പ്രകടനങ്ങളെ തുടര്‍ന്നു കേരള ബ്ലാസ്റ്റേഴ്‌സ്, കോച്ച് റെനെ മ്യൂളന്‍സ്റ്റീനെയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജാവോ കാര്‍ലോസിനെയും പുറത്താക്കിയിരുന്നു. ഐഎസ്എല്ലില്‍ രണ്ടു തവണ ചാമ്പ്യന്‍മാരായ എടികെയക്ക് സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മഡ്രിഡിന്റെ സഹകരണം നഷ്ടപ്പെട്ടത് ഇത്തവണ വന്‍ തിരിച്ചടിയായിരുന്നു. ഇതോടൊപ്പം മുന്‍വര്‍ഷങ്ങളിലെ തകര്‍പ്പന്‍ പ്രകടനം എടികെയ്ക്ക് തുടരാനും സാധിച്ചിട്ടില്ല.

അതെസമയം ടെഡ്ഡി ഷെറിംഗ്ഹാമിന് പകരം എടികെ ടെക്‌നിക്കല്‍ ഡയറക്ടറായ ആഷ്‌ലി വെസ്റ്റ് വുഡ് പരിശീലകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബംഗളൂരു എഫ്‌സിയുടെ മുന്‍ പരിശീലകനായിരുന്നു വെസ്റ്റ് വുഡ് ഐലീഗില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുളള കോച്ചാണ്. ബംഗളൂരു എഫ്‌സിയെ ആദ്യ സീസണില്‍ തന്നെ കിരീടം അണിയിച്ചാണ് ആഷ്‌ലി ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയനായത്.

ഈ സീസണിന്റെ തുടക്കം മുതല്‍ എടികെയ്ക്ക് ഒപ്പമുണ്ടായിരുന്നു ആഷ്‌ലി ടെഡ്ഡി ഷെറിംഗ്ഹാമിന്റെ കൂടെ എടികെ കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷെറിംഗ്ഹാമും ആഷ്‌ലിയും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

നിലവില്‍ 10 മത്സരങ്ങളില്‍ മൂന്നു ജയം മാത്രം നേടിയ ടീം ഐഎസ്എല്ലില്‍ എട്ടാം സ്ഥാനത്താണുള്ളത്. ഐഎസ്എല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇനിയുളള മത്സരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് അതീവ നിര്‍ണ്ണായകമാണ്. അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്‍ക്ക് ഈ സീസണില്‍ തിരിച്ചവരാനാകു.

ഈ സാഹചര്യത്തിലാണ് കോച്ചിനെ മാറ്റി പുതിയ പരീക്ഷണം നടത്താന്‍ കൊല്‍ക്കത്തന്‍ മാനേജ്‌മെന്റ് ഒരുങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം, വെസ്റ്റ് ഹാം തുടങ്ങിയ ലോകോത്തര ടീമുകളെയും ഷെറിംഗ്ഹാം കളി പഠിപ്പിച്ചിട്ടുണ്ട്.