പരാതിക്കാരി മൊഴിമാറ്റി : ശശീന്ദ്രന് ആശ്വാസം ,ആരും ശല്യം ചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും മാധ്യമ പ്രവര്‍ത്തക

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ വീണ്ടും മൊഴി മാറ്റി പരാതിക്കാരി. എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്നു ചാനല്‍ പ്രവര്‍ത്തക വ്യക്തമാക്കി. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്നും ഫോണില്‍ അശ്ലീല സംഭാഷണം നടന്നെങ്കിലും അതു ശശീന്ദ്രനാണോയെന്ന് ഉറപ്പില്ലെന്നും യുവതി പറഞ്ഞു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്. കേസ് 27ന് വീണ്ടും പരിഗണിക്കും.

നേരത്തെ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചിരുന്നു. വാദം പൂര്‍ത്തിയായി ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റുന്നതിന് തൊട്ടുമുന്‍പായിരുന്നു നീക്കം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പിന്‍വലിച്ചതോടെ, മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ മടങ്ങിവരവ് പ്രതിസന്ധിയിലായിരുന്നു. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ 2016 നവംബര്‍ എട്ടിനു ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണു പരാതി.

എന്നാല്‍, പരാതിക്കാരി വീണ്ടും നിലപാടു മാറ്റിയത് മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ തിരിച്ചുവരവിനു പ്രതീക്ഷയേകുകയാണ്. വാദിയും പ്രതിയും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണവേളയില്‍ കേസ് തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്തിരുന്ന നിലപാട്. കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടിരുന്നത്.