കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് കുമ്മനം

ആറന്മുള: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് അതീവ ഗുരുതര വിഷയമാണ്. സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയതയുടെ ഭാഗമായാണു വാര്‍ത്ത പുറത്തു വന്നത്. കോടിയേരിക്ക് ഇതേപ്പറ്റി നേരത്തെ അറിവുണ്ടായിരുന്നു. എന്നിട്ടും അതിനു കൂട്ടുനില്‍ക്കുകയാണ് കോടിയേരി ചെയ്തത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വസ്തുത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ നാണക്കേടാണ്. കോടിയേരിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ചു കേന്ദ്രത്തിനു കത്തു നല്‍കുമെന്നും കുമ്മനം പറഞ്ഞു.

അതേസമയം, ആത്മാഭിമാനം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ കോടിയേരി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ആവശ്യപ്പെട്ടു. കോടിയേരിയുടെ മക്കള്‍ക്കെതിരെ നേരത്തെയും നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാധാരണ കുടുംബത്തില്‍ ജനിച്ച കോടിയേരി ബാലകൃഷ്ണനും മക്കള്‍ക്കും ചുരുങ്ങിയ കാലം കൊണ്ടു കോടികളുടെ സ്വത്ത് ഉണ്ടായതിനെപ്പറ്റി സമഗ്രമായ അന്വേഷണം വേണം. കേരളത്തില്‍ ബിനാമി പേരുകളില്‍ വ്യാപകമായ ബിസിനസ് ശൃംഖലകള്‍ ഇവര്‍ക്കുണ്ട്. ഇതേപ്പറ്റി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. സ്വന്തം കുടുംബത്തെപ്പോലും നിയന്ത്രിക്കാന്‍ കഴിയാത്ത കോടിയേരി എങ്ങനെയാണു പാര്‍ട്ടിയെയും സമൂഹത്തെയും നയിക്കുന്നതെന്നു മനസിലാകുന്നില്ല. നേതാക്കള്‍ ലളിത ജീവിതം നയിക്കണമെന്ന പാര്‍ട്ടി തത്വം ഏതു പ്രത്യയശാസ്ത്രത്തിന്റെ മറവിലാണു മറികടന്നതെന്നു കോടിയേരി വ്യക്തമാക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.

ലോക കേരളസഭയ്ക്കായി ചില വിദേശ മലയാളികളെ കൊണ്ടുവന്നതിന് ഈ തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും സംശയമുണ്ട്. പ്രശ്‌നപരിഹാരത്തിന് ഇടപെട്ടതിന്റെ പേരിലാണു ചിലരെ കേരള സഭയ്ക്കായി എത്തിച്ചത്. ഇക്കാര്യത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം അറിയാന്‍ കേരളത്തിനു താല്‍പര്യമുണ്ട്. കേരളത്തിലെ ഒരു മാര്‍ക്‌സിസ്റ്റ് നേതാവിന്റെ മകനെ ഇന്റര്‍പോള്‍ പിടിച്ചുകൊണ്ടു പോകുന്നതു കേരളത്തിനു മുഴുവന്‍ നാണക്കേടാണ്. അതിനു സാഹചര്യമൊരുക്കാതെ ബിനോയ് കോടിയേരി ദുബൈ പൊലീസിനു കീഴടങ്ങണം. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ മക്കളെ വിദേശത്തു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ തലപ്പത്തു നിയമിക്കുന്നതില്‍ കേരളത്തിലെ വ്യവസായികള്‍ക്കുള്ള താത്പര്യവും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.