ബിനോയിക്കെതിരെ കേസില്ലെന്ന് ദുബൈ പൊലീസ്

തിരുവനന്തപുരം:  സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. നിലവില്‍ ബിനോയിക്കെതിരെ കേസില്ലെന്ന് ദുബൈ പൊലീസ് അറിയിച്ചു. ക്രിമിനൽ കേസില്ലെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണു ബിനോയ്ക്ക് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ തീയതിയിലുള്ള സർട്ടിഫിക്കറ്റ് ആരോപണമുയർന്നശേഷമാണു സ്വന്തമാക്കിയത്. ദുബൈ കുറ്റാന്വേഷണ വിഭാഗമാണ് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത്.

സിപിഎമ്മിനെയും സർക്കാരിനെയും പിടിച്ചുകുലുക്കി വിവാദം വളരുമ്പോഴാണു ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി ബിനോയ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്. തനിക്കെതിരെ ദുബൈയിൽ കേസുകളൊന്നും നിലവിലില്ലെന്നു സാമ്പത്തിക തട്ടിപ്പ് വിവാദത്തിനു പിന്നാലെ ബിനോയ് വ്യക്തമാക്കിയിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ദുബൈയിലുണ്ടായിരുന്ന കേസുകൾ ഒത്തുതീർന്നതാണെന്നായിരുന്നു ബിനോയിയുടെ നിലപാട്. സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരിയും ഇതേ നിലപാടാണു സ്വീകരിച്ചത്.

ദുബൈയിൽ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണു ബിനോയ്ക്കെതിരായ ആരോപണം. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നൽകിയെന്നാണ് ആരോപണം. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപു തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നതു പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണു മൊത്തം 13 കോടി രൂപയുടെ കണക്ക്.

അതേസമയം ബിനോയ് കോടിയേരിയുടെ പണമിടപാട് അന്വേഷിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.  പണമിടപാടില്‍ ബിനോയ് കോടിയേരിക്കെതിരെ സർക്കാരിന് പരാതി ലഭിച്ചിട്ടില്ല. ബിനോയിക്കെതിരെയുള്ള ആരോപണം സർക്കാരിനെ ബാധിക്കുന്ന വിഷയമല്ല. പാര്‍ട്ടിക്ക് ചേരാത്ത പ്രശ്‌നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ബിനോയ്ക്കെതിരെയുള്ള ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വര്‍ഷമായി വിദേശത്താണ്‌. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.  കോടിയേരിയുടെ മകന്റെ പണമിടപാട് പ്രതിപക്ഷമാണ് സഭയില്‍ ഉന്നയിച്ചത്.  ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയൊരു അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്തയുടെ നിജസ്ഥിതി സര്‍ക്കാരിന് അറിയില്ലെന്നും പിണറായി പറഞ്ഞു.

ലാളിത്യത്തിന്റെ പേരുപറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അപമാനിക്കാനായി നേതാക്കളേയും മക്കളേയും കുറിച്ച് പറയരുതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും എന്തൊക്കെ നിങ്ങള്‍ പറഞ്ഞു. അതുപോലെ തരംതാണപരാമര്‍ശം ഒന്നും തങ്ങള്‍ പറഞ്ഞില്ലല്ലോ എന്ന് ചെന്നിത്തല ചോദിച്ചു. വിദേശ മലയാളികളെ പോലും അപമാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.