ഐപിഎല്ലില്‍ വീണ്ടും മാറ്റങ്ങള്‍ക്ക് സാധ്യത

ഇത്തവണ ഐപിഎല്‍ മാമാങ്കം വലിയ മാറ്റങ്ങളോടെയാണ് നടക്കാനിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംപ്രേക്ഷണാവകാശം സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് ഏറ്റെടുത്തത് തന്നെയായിരുന്നു ഇതിലെ പ്രധാനമാറ്റം. താരങ്ങളെ നിലനിര്‍ത്തുന്നത് മുതല്‍ വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണ സ്റ്റാര്‍ ആസൂത്രണം ചെയ്തത്.

മാത്രമല്ല, മത്സരങ്ങളുടെ സമയക്രമത്തിലും നിര്‍ണ്ണായകമായ മാറ്റം വരുത്തി. വൈകീട്ട് നാലുമണിക്ക് തുടങ്ങിയിരുന്ന മത്സരം 5.30നും രാത്രി 8ന് തുടങ്ങിയിരുന്ന മത്സരം 7നുമാക്കി. എന്നാല്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍.

രണ്ട് മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ഒരു കളിയുടെ പ്രധാന ഭാഗങ്ങള്‍ ആരാധകര്‍ക്ക് നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പുതിയ നീക്കം നടക്കുന്നത്. നാളെ നടക്കുന്ന പ്രീ ഓക്ഷന്‍ വര്‍ക്ക് ഷോപ്പില്‍ ടീമുകളുടെ പ്രതിനിധികളുമായി ഇക്കാര്യം ഗവേണിംഗ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

ലേലവുമായി ടീം അധികൃതര്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കാനാണ് വര്‍ക്ക് ഷോപ്പ് നടത്താറുള്ളത്. എന്നാല്‍ ഇത്തവണത്തെ പ്രധാന ചര്‍ച്ച സമയമാറ്റം തന്നെ ആയിരിക്കാനാണ് സാധ്യത. ടീമുകള്‍ക്ക് മാത്രമല്ല, ബിസിസിഐയിലെ ചിലയാളുകള്‍ക്കും സമയമാറ്റത്തില്‍ അതൃപ്തിയുണ്ട്. മത്സരങ്ങള്‍ ഒരേ സമയത്താവുമ്പോള്‍ വരുമാനത്തില്‍ കുറവ് വരുമെന്നത് തന്നെയാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏപ്രില്‍ ഏഴ് മുതല്‍ മെയ് 27 വരെയാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. ഏപ്രില്‍ ഏഴിന് മുബൈയിലാണ് ആദ്യ മത്സരം നടക്കുക. മെയ് 27ന് മുംബൈയില്‍ തന്നെയാണ് ഫൈനലും നടക്കുന്നത്. ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിന് മുംബൈയില്‍ വെച്ചുതന്നെ നടക്കും.

ഈ മാസം 27, 28 നുമാണ് സീസണിലേക്കുള്ള താര ലേലം നടക്കുന്നത്. മിക്ക ടീമുകളും സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും നിരവധി താരങ്ങളാണ് ലേല വിപണിയിലുള്ളത്.

ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ്.17 കോടി രൂപയാണ് കൊഹ്‌ലിക്ക് നിശ്ചയിച്ചിരിക്കുന്ന വില.കൊഹ്‌ലിക്ക് പുറമെ എബി ഡിവിലേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരാണ് ബംഗളൂര്‍ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.

അതേസമയം ഐപിഎല്ലില്‍ തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് എംഎസ് ധോണിയെ 15 കോടിക്കാണ് നിലനിര്‍ത്തിയത്. രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവരാണ് ചെന്നൈയുടെ മറ്റ് താരങ്ങള്‍. 15 കോടിക്ക് രോഹിത് ശര്‍മയെയും ഹാര്‍ദിക് പാണ്ഡ്യയേയും ജസ്പ്രീത് ബുംറയേയും മുംബൈ നിലനിര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സ് 12 കോടിക്ക് സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഡേവിഡ് വാര്‍ണറെയും ഭുവനേശ്വര്‍ കുമാറിനെയും വിട്ടുകൊടുത്തില്ല. കൊല്‍ക്കത്ത സുനില്‍ നരെയ്‌നും, ആന്ദ്രെ റസലിനും മാത്രമാണ് അവസരം നല്‍കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് അക്ഷര്‍ പട്ടേലിനെ മാത്രമാണ് നിലനിര്‍ത്തിയത്. ശ്രയസ് അയ്യര്‍, ക്രിസ് മോറിസ്, റിഷബ് പന്ത് എന്നിവരാണ് ഡല്‍ഹിയുടെ താരങ്ങള്‍. ഗൗതംഗംഭീറിനെ കൊല്‍ക്കത്ത കൈയൊഴിഞ്ഞപ്പോള്‍ ക്രിസ് ഗെയ്‌ലിനെ ബംഗളൂരുവും സംരക്ഷിച്ചില്ല. ബ്രാവോ, ഡ്യൂപ്ലസിസ്, അശ്വിന്‍ എന്നിവരാണ് ചെന്നൈയുടെ നഷ്ടങ്ങള്‍.

ഹര്‍ഭജനും പൊള്ളാര്‍ഡും മലിംഗയും മുംബൈയിലും തുടര്‍ന്നില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹാഷിം ആംല, റോബിന്‍ ഉത്തപ്പ, തുടങ്ങി മറ്റ് പ്രധാന താരങ്ങളും ഇനി ലേലത്തില്‍ വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാഞ്ചൈസികളുടെ കൈവശം ഇനിയും പണം ഉണ്ടെന്നിരിക്കെ ഒരുപക്ഷേ, പ്രധാന താരങ്ങളെ വീണ്ടും തിരിച്ചെത്തിച്ചേക്കും.