BREAKING NEWS: മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിഭീഷണി മുഴക്കി

 

-ഹരി ഇലന്തൂര്‍-

മാര്‍ത്തോമ്മ ബിഷപ്പ് നിയമന ബോര്‍ഡിനെതിരെ സഭയിലെ മുതിര്‍ന്ന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത.

ബോര്‍ഡില്‍ നിന്ന് താന്‍  രാജിവെയ്ക്കുമെന്ന് ഭീഷണി

ബോര്‍ഡിന്റെ നടപടികളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം നവംബര്‍ 29 ന് തിരുവല്ലയില്‍ നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടു.

അന്വേഷണം നടത്താനാവില്ലെന്ന് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞതില്‍ പ്രതിഷേധിച്ച് ബോര്‍ഡ് യോഗത്തില്‍ നിന്ന് സഫ്രഗന്‍ മെത്രാപ്പൊലീത്ത ഇറങ്ങിപ്പോയി.

റവ.ജേക്കബ് ചെറിയാനെതിരെ വ്യാജ റിപ്പോര്‍ട്ട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ബിഷപ്പ് നോമിനേഷന്‍ബോര്‍ഡ് അംഗം സാബു അലക്‌സ് രാജി വെച്ചു

ബിഷപ്പ് നോമിനികളുടെ വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും കള്ളക്കളി. ആന്‍ജിയോപ്ലാസ്റ്റി ചെയ്ത വ്യക്തിക്കും ‘പെര്‍ഫെക്റ്റ് ഹെല്‍ത്ത്’ എന്ന് റിപ്പോര്‍ട്ട്. 

ബിഷപ്പ് നോമിനികളെ വീണ്ടും വൈദ്യ പരിശോധനക്കായി തിരുവന ന്തപുരം കിംസ് ആശുപത്രിയിലേക്ക് അയച്ചു. നാലുപേരും വ്യാഴാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ആകും.

മാര്‍ത്തോമ്മ മെത്രാപ്പൊലീത്തായ്‌ക്കെതിരെ പരക്കെ പ്രതിഷേധം. മെത്രാപ്പൊലീത്തയുടെ ശിങ്കിടികളെയാണ് നോമിനേറ്റ് ചെയ്തതെന്ന് ആക്ഷേപം.

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സഭയില്‍ പുതിയതായി നാല് ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള നിയമന പ്രക്രിയയില്‍ വന്‍ ക്രമക്കേട് നടന്നതായി ആക്ഷേപം. നടപടി ക്രമങ്ങളിലെ ആക്ഷേപങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സഭയിലെ രണ്ടാം സ്ഥാനക്കാരനും സഫ്രഗന്‍ മെത്രാപ്പൊലീത്തയുമായ ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് രംഗത്തു വന്നു. നവംബര്‍ 29ന് തിരുവല്ലയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് യോഗത്തിലാണ് ഇദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണം നടത്താനാവില്ലെന്ന് സഭയുടെ പരമാദ്ധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത തിരിച്ചടിച്ചു. എങ്കില്‍ താന്‍ ബോര്ഡില്‍ നിന്ന് രാജിവെയ്ക്കുമെന്ന് മാര്‍ അത്തനേഷ്യസ് പറഞ്ഞെങ്കിലും ജോസഫ് മാര്‍ത്തോമ്മാ ആ ഭീഷണി വകവെച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് മാര്‍ അത്തനേഷ്യസ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നിട് ബോര്‍ഡിലെ ചില അംഗങ്ങള്‍ അദ്ദേഹത്തെ അനുനയിപ്പിച്ച് തിരികെ കൊണ്ടു വന്നു.
ബിഷപ്പ് തിരഞ്ഞെടുപ്പിലെ തട്ടിപ്പും കള്ളക്കളികളും പുറത്തു കൊണ്ടുവന്നത് വൈഫൈ റിപ്പോര്‍ട്ടറാണ്.

ബിഷപ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട റവ. ജേക്കബ് ചെറിയാന്‍ എന്ന വൈദികന്‍ പത്തനംതിട്ട – നെല്ലിക്കാല മാര്‍ത്തോമ്മാ പള്ളിയില്‍ ഒക്ടോബര്‍ 16ന് നടന്ന ആരാധനയില്‍ കുര്‍ബ്ബാന കുപ്പായം (കാപ്പ) ധരിക്കാതെ കുര്‍ബാന അനുഷ്ഠിച്ചു എന്ന് ബിഷപ്‌സ് നോമിനേഷന്‍ ബോര്‍ഡിലെ ഒരംഗം റിപ്പോര്‍ട്ട് കൊടുത്തിരുന്നു. അന്നേ ദിവസം ആ പള്ളിയിലുണ്ടായിരുന്ന മറ്റ് രണ്ട് ബോര്‍ഡ് അംഗങ്ങള്‍ ഇക്കാര്യം നിഷേധിക്കുകയും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും തള്ളിക്കളഞ്ഞ് കാപ്പ ധരിച്ചില്ലെന്ന റിപ്പോര്‍ട്ട് ബോര്‍ഡ് അംഗീകരിച്ചു. ഇതോടെ ജേക്കബ് ചെറിയാന്‍ എന്ന വൈദികന്‍ ബിഷപ്പ് സെലക്ഷന്‍ പ്രക്രിയയില്‍ നിന്ന് പുറത്തായി. വ്യാജ റിപ്പോര്‍ട്ട് സ്വീകരിച്ച് ഉത്തമനായ ഒരു വൈദികനെ ബിഷപ്പ് നിയമന പ്രക്രിയയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നോമിനേഷന്‍ ബോര്‍ഡ് അംഗമായ സാബു അലക്‌സ് രാജി വെച്ചു. സാബുവിന്റെ രാജിക്കത്ത് വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തു വിടുന്നു.

ബിഷപ്പ് നോമിനേഷന്‍ ബോര്‍ഡംഗം സാബു അലക്സിന്‍റെ രാജിക്കത്ത്
ബിഷപ്പ് നോമിനേഷന്‍ ബോര്‍ഡംഗം സാബു അലക്സിന്‍റെ രാജിക്കത്ത്

‘നെല്ലിക്കാല പള്ളിയില്‍ നടക്കാത്ത സംഭവം നടന്നുവെന്ന് കാണിച്ച് റിപ്പോര്‍ട്ട് സ്വീകരിച്ച നടപടിയോട് തനിക്ക് യോജിക്കാനാവില്ലന്ന് രാജിക്കത്തില്‍ സാബു അലക്‌സ് വ്യക്ത മാക്കിയിട്ടുണ്ട്.
ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന നാല് വൈദികരെ നവംബര്‍ 14ന് വൈദ്യപരിശോധനയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അവിടെ കേവലം രക്തപരിശോധന മാത്രം നടത്തി ഇവര്‍ നാലുപേരും തിരിച്ചെത്തി. മെഡിക്കല്‍ റിപ്പോര്‍ട്ട് നവംബര്‍ 14ന് എല്ലാ പരിശോധനയും നടത്തിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാലുപേര്‍ക്കും മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഈ നാലുപേരിലൊരാള്‍ ആന്‍ജിയോ പ്ലാസ്റ്റി നടത്തിയ വിവരം മറച്ചുവെച്ചുവെന്നാണ് ബോര്‍ഡിലെ ചില അംഗങ്ങള്‍ ഉന്നയിച്ച ആരോപണം. ടി.എം.ടി കാര്‍ഡിയോ തുടങ്ങിയ യാതൊരുവിധ പരിശോധനകളും നടത്താതെയാണ് ഇവര്‍ക്ക് പെര്‍ഫെക്ട് ഹെല്‍ത്ത് എന്ന റിപ്പോര്‍ട്ട് കിട്ടിയത്. ഈ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് ഒടുവില്‍ നടന്ന നോമിനേഷന്‍ ബോര്‍ഡ് യോഗത്തില്‍ ചില അംഗങ്ങള്‍ ആരോപണമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ നാലുപേരെയും വീണ്ടും മെഡിക്കല്‍ പരിശോധനയ്ക്കായി അയക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഈ നാലുപേരെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ പേരുകള്‍ സഭാകൗണ്‍സില്‍ ക്ലിയര്‍ ചെയ്യുന്നത്. ബിഷപ്പ് സ്ഥാനാര്‍ത്ഥികളായി നോമിനേറ്റ് ചെയ്യപ്പെട്ട വൈദികരായ റവ. ജോസഫ് ഡാനിയേല്‍, റവ. മോത്തി വര്‍ക്കി, റവ. സി.ജി. ജോര്‍ജ്ജ്, റവ. സജു സി. പാപ്പച്ചന്‍ എന്നിവര്‍ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ഈ നാലുപേരും മണ്ണന്തലയിലുള്ള ബിഷപ്പ് ഹൗസില്‍ തങ്ങിയ ശേഷം ഡിസംബര്‍ ഒന്നിന് കിംസ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകും.
ബിഷപ്പ് നോമിനേഷന്‍ ബോര്‍ഡിന്റെ സത്യസന്ധതയും വിശ്വാസ്യതയും പരസ്യമായി ബോര്‍ഡിലെ അംഗങ്ങള്‍ തന്നെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഈ നിയമനങ്ങള്‍ക്കെതിരെ സഭയിലെ ചില പ്രമുഖര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അതിലുപരി സഭയിലെ രണ്ടാം സ്ഥാനക്കാരനായ ഗീവര്‍ഗ്ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത തന്നെ ബോര്‍ഡില്‍ കള്ളക്കളി നടന്നുവെന്ന് ആരോപിച്ച സാഹചര്യത്തില്‍ മുന്നോട്ടുള്ള നടപടിക്രമങ്ങള്‍ ദുഷ്‌കരമാകുമെന്നാണ് കരുതുന്നത്.

marthomma-followup maxresdefault