നിങ്ങൾ സത്യസന്ധനാണോ? വായ്‌പ റെഡി..

ന്യൂഡല്‍ഹി: മുന്‍ കാലങ്ങളില്‍ തിരിച്ചടവ് മുടക്കാത്തവരും സത്യസന്ധരുമായ വായ്പക്കാര്‍ക്ക് പൊതുമേഖലാ ബാങ്കില്‍ നിന്നും അനായാസം വായ്പ ലഭ്യമാക്കാനുള്ള നയങ്ങള്‍ നടപ്പാക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.

രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 88,139 കോടി രൂപ മൂലധനം കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്യോശിക്കുന്നത്. അതുകൊണ്ട് തന്നെ വായ്പ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ തുക വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡം കര്‍ശനമാക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തിരിച്ചടയ്ക്കാത്ത വായ്പകള്‍ ഈടാക്കുന്നതിനുള്ള നടപടികളും കര്‍ശനമാക്കും.

നിഷ്‌ക്രിയാസ്തിയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എട്ടു ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാകടം.

തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടില്ലാത്ത ആളുകള്‍ക്ക് വേഗത്തില്‍ ലോണ്‍ നല്‍കുന്നതിനാണ് വായ്പാ നയത്തില്‍ ഇളവ് വരുത്തിയിട്ടുള്ളതെന്നാണ് രാജീവ് കുമാര്‍ അറിയിച്ചത്.