ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ പോകാൻ പറ; സഞ്ജു വി സാംസണെ എട്ടുകോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് കൊണ്ടുപോയി

ബംഗളൂര്‍ :ഐപിഎല്‍ താരലേലത്തില്‍ മലയാളി താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്. കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന സഞ്ജു വി സാംസണെ എട്ടുകോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

സഞ്ജുവിനെ കഴിഞ്ഞവര്‍ഷം 4.20 കോടി രൂപയ്ക്കാണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ഇരട്ടി തുകയ്ക്കാണ് താരം വിറ്റുപോയത്. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില.

മറ്റൊരു മലയാളി താരമായ കരുണ്‍ നായരെ 5.6 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബാണ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപയായിരുന്നു കരുണിന്റെ അടിസ്ഥാനവില. രാജസ്ഥാന്‍ റോയല്‍സുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് കരുണിനെ പഞ്ചാബ് സ്വന്തമാക്കിയത്. റോബിന്‍ ഉത്തപ്പ 6.4 കോടിക്ക് കൊല്‍ക്കത്തയിലുമെത്തി.

ഐപിഎല്ലില്‍ പൊന്നും വില ലഭിച്ചത് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിനാണ്. 12.5 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സാണ് സ്റ്റോക്ക്‌സിനെ സ്വന്തമാക്കിയത്.

ഇന്ത്യന്‍ താരം കെഎല്‍ രാഹുലാണ് റെക്കോര്‍ഡ് പ്രതിഫലം സ്വന്തമാക്കിയ മറ്റൊരു കളിക്കാരന്‍. 11 കോടി നല്‍കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് രാഹുലിനെ സ്വന്തമാക്കി.