പയ്യന്റെ കാഞ്ഞ ബുദ്ധിയാ; ഐന്‍സ്റ്റീനെ പരാജയപ്പെടുത്തി മേഹൽ

ലണ്ടന്‍: പത്തുവയസിനുള്ളില്‍ ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെയും സ്റ്റീഫന്‍ ഹോക്കിങ്‌സിനെയും പരാജയപ്പെടുത്തി ഇന്ത്യന്‍ വംശജനായ ബാലന്‍. ബുദ്ധിശക്തിയെ അളക്കുന്ന പരീക്ഷയായ മെന്‍സാ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മേഹുല്‍ ഗാര്‍ഗ്. പതിമൂന്ന് വയസുള്ള മേഹുലിന്റെ സഹോദരന്‍ രണ്ട് വര്‍ഷത്തിന് മുമ്പ് ഇതേ ടെസ്റ്റില്‍ 162 എന്ന സ്‌കോര്‍ കരസ്ഥമാക്കിയിരുന്നു.

ഭാഷാപരമായ കഴിവുകളും ശാസ്ത്ര കഴിവുകളും സാങ്കേതിക കഴിവുകളും പരീക്ഷിക്കുന്നതായിരുന്നു ടെസ്റ്റ്. തന്റെ സഹോദരനേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടണമെന്ന് മേഹലിന് ഏറെ താല്‍പര്യമുള്ളതായി മേഹലിന്റെ മാതാവ് ദിവ്യ പ്രതികരിച്ചു. പരീക്ഷയുടെ ചില ഘട്ടങ്ങളില്‍ മേഹുല്‍ കഠിനമായ സമ്മര്‍ദ്ദം നേരിട്ടിരുന്നെങ്കിലും റിസല്‍ട്ട് വന്നപ്പോള്‍ ഏറെ സന്തോഷവാനായിരുന്നെന്ന് മേഹലിന്റെ പിതാവ് ഗൗരവ് പറയുന്നു.

ക്രിക്കറ്റും ഐസ് സ്‌കേയ്റ്റിങ്ങുമെല്ലാമാണ് കണക്കിനും, ശാസ്ത്രവിഷങ്ങള്‍ക്കും പുറമെയുള്ള മേഹലിന്റെ താല്‍പര്യങ്ങള്‍. ഏറെക്കാലമായി ലണ്ടനില്‍ താമസക്കാരായ സാമൂഹ്യ സേവകരായ ദിവ്യയുടേയും ഗൗരവിന്റെയും പുത്രനാണ് പത്ത് വയസ് മാത്രമുള്ള മേഹുല്‍.