ട്രമ്പുമായി യാതൊരു രഹസ്യബന്ധവുമില്ല:നിക്കി

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യ ബന്ധമുണ്ടെന്ന പ്രചാരണങ്ങളെ തള്ളി ഐക്യരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഇത്തരം പ്രചരണങ്ങള്‍ നിന്ദ്യവും വെറുപ്പുണ്ടാക്കുന്നതുമാണെന്നു നിക്കി ഹാലെ പ്രതികരിച്ചു. യാതൊരു സത്യവുമില്ലാത്ത കാര്യമാണിത്. യുഎസ് പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണില്‍ ഒരു തവണ മാത്രമാണ് കയറിയിട്ടുള്ളത്. എന്നാല്‍ അന്ന് അവിടെ ഒരുപാടു പേര്‍ ഉണ്ടായിരുന്നതായും നിക്കി പറഞ്ഞു.

‘ഫയര്‍ ആന്‍ഡ് ഫ്യൂരി’യെന്ന പുസ്തകത്തിലൂടെയാണ് മൈക്കല്‍ വോള്‍ഫ് നിക്കി ഹാലെയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചത്. രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഏറെ സമയം നിക്കി ട്രംപുമായി സംസാരിച്ചിരുന്നെന്നായിരുന്നു ആരോപണം. യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്ണില്‍വച്ചും വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസിലും ആയിരുന്നു കൂടിക്കാഴ്ചകളെന്നും വൂള്‍ഫ് വ്യക്തമാക്കി. എന്നാല്‍ ട്രംപുമായി രാഷ്ട്രീയ ഭാവിയെക്കുറിച്ചു ഒരു വാക്കുപോലും സംസാരിച്ചിരുന്നില്ലെന്നു നിക്കി ഹാലെ വ്യക്തമാക്കി.

പ്രസിഡന്റിന്റെ കൂടെ ഒരിക്കലും ഒറ്റയ്ക്കു സമയം ചെലവഴിച്ചിട്ടില്ല. നേരത്തേയും രാഷ്ട്രീയത്തില്‍ ഇത്തരം ആരോപണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. നിയമസഭാംഗമായിരുന്നപ്പോഴും ഗവര്‍ണര്‍ ആയിരുന്നപ്പോഴും ഇത്തരം കാര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കു പ്രാധാന്യം ലഭിക്കുമ്പോഴും അവര്‍ ജോലി ചെയ്യുമ്പോ?ഴും കാര്യങ്ങള്‍ അവരിലേക്കെത്തുമ്പോഴുമാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുക.

ഈ കാര്യങ്ങളെ വകവയ്ക്കുന്നില്ല. ശക്തമായിത്തന്നെ ചുമതലകളുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കുന്നതായും തനിക്കു പിന്നിലുള്ള സ്ത്രീകള്‍ക്കു വേണ്ടി കടമകള്‍ വിജയകരമായി നടപ്പാക്കുമെന്നും നിക്കി ഹാലെ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ഡോണള്‍ഡ് ട്രംപിന്റെ കീഴില്‍ വൈറ്റ് ഹൗസില്‍ നടക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകമാണ് മൈക്കല്‍ വോള്‍ഫിന്റെ ഫയര്‍ ആന്‍ഡ് ഫ്യൂരി. 322 പേജുള്ള പുസ്തകത്തില്‍ രാജ്യം ഭരിക്കാന്‍ ആവശ്യമായ ബുദ്ധിശക്തി പോലും ട്രംപിനുണ്ടോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.