ഭൂമിയിടപാട് സംബന്ധിച്ച് തനിക്ക് വീഴ്ച സംഭവിച്ചതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം

കൊച്ചി: സിറോ മലബാര്‍സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് തനിക്ക് വീഴ്ച സംഭവിച്ചതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. ഇടപാടിനെ കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മീഷന് മുമ്പാകെയാണ് കര്‍ദിനാള്‍ മൊഴി എഴുതി നല്‍കിയത്.

ഭൂമി വില്പനയില്‍ സഭാനിയമങ്ങളോ,സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദു:ഖമുണ്ട്. ഭൂമി വില്പനയ്ക്ക് സാജു വര്‍ഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കര്‍ദിനാള്‍ മൊഴിയില്‍ പറയുന്നു.

അതേസമയം, സഭാ നിയമങ്ങള്‍ ആലഞ്ചേരി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ സഭാനിയമപ്രകാരവും സിവില്‍ നിയമപ്രകാരവും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യാതെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആലഞ്ചേരി ഇന്നലെ യോഗത്തില്‍ അറിയിച്ചത്. തുടര്‍ന്ന് വൈദിക സമിതി യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഫാ. ബെന്നി മാരാംപറമ്പില്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈദിക സമിതി യോഗത്തില്‍ പൂര്‍ണമായി വായിച്ചു. റിപ്പോര്‍ട്ട് പൂര്‍ണമായി പഠിച്ചിട്ടില്ലെന്നും കൃത്യമായി പഠിക്കാതെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ദിനാള്‍ അറിയിച്ചു. മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല. പിന്നീടൊരു ദിവസം മുഴുവന്‍ വിപുലമായ ചര്‍ച്ച നടത്താമെന്നും കര്‍ദിനാള്‍ വ്യക്തമാക്കുകയായിരുന്നു.

സ്ഥലമിടപാടുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍ കര്‍ദിനാളും അതിരൂപതയുടെ സഹായ മെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കും.