അഞ്ചാമത് കേരളാ ഫാഷൻ ലീഗ് കൊച്ചിയിൽ തുടങ്ങി

കൊച്ചി: അഞ്ചാമത് കേരള ഫാഷന്‍ ലീഗിന് കൊച്ചിയില്‍ അരങ്ങൊറങ്ങി. 31ന് കുണ്ടന്നൂര്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ രാവിലെ പത്തു മണിക്കു തുടങ്ങിയ ഷോ 11 വരെ നീളുന്ന ആറു റൗണ്ടുകളിലായി 75ലധികം പ്രശസ്ത മോഡലുകളും ഡിസൈനര്‍മാരും അണിനിരക്കുന്നത്.

അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ നൂതന വസ്ത്ര സങ്കല്പങ്ങളും മോഡലുകളുടെ ഉജ്വല പ്രകടനവും റാംപില്‍ വിരിയുന്നതു കൊച്ചിക്കും കേരളത്തിനും മാത്രമല്ല രാജ്യത്തിനാകെ പുത്തന്‍ അനുഭവം സമ്മാനിക്കും.ഒട്ടേറെ സവിശേഷതകളുമായാണ് അഞ്ചാമത് കേരള ഫാഷന്‍ ലീഗ് എത്തുന്നതെന്നു കെഎഫ്എല്‍ ഫൗണ്ടറും സിഇഒയും ഷോ പ്രൊഡ്യൂസറുമായ അഭില്‍ ദേവ്, കോ- പ്രൊഡ്യൂസര്‍ ശില്‍പ അഭില്‍ ദേവ്, ഈവന്റ് ഡയറക്റ്റര്‍ ഇടവേള ബാബു, ഇംപ്രസാരിയോ ഈവന്റ്‌സ് ഡയറക്റ്റര്‍ ഹരീഷ് ബാബു, പ്രമുഖ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നാലു സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും പുതിയ ടീമാണ് അഞ്ചാം സീസണില്‍ അണിനിരക്കുക.

രാജ്യത്തെ 20ല്‍പ്പരം പ്രമുഖ ഡിസൈനര്‍മാര്‍ ഇതാദ്യമായി ഒരു വേദിയിലെത്തുന്നു, 20 പ്രമുഖ മോഡലുകള്‍ മിസിസ് മോഡല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നു, 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാത്രം അണിനിരക്കുന്ന രാജ്യത്തെ ആദ്യ ഫാഷന്‍ ഷോ റൗണ്ട്, 25ഓളം സെലിബ്രിറ്റികള്‍ എത്തുന്ന കേരളത്തിലെ ആദ്യ സെലിബ്രിറ്റി റൗണ്ട്, പ്രമുഖ നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഷോ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ അഞ്ചാമത് കേരള ഫാഷന്‍ ലീഗിലുണ്ട്. ഗള്‍ഫിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും മൂന്നുമാസത്തിലേറെ നടത്തിയ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് മോഡലുകളെ കണ്ടെത്തിയത്.

വിവാഹിതരായവര്‍ക്കു വേണ്ടി മാത്രമുള്ള മിസിസ് മോഡല്‍ റൗണ്ടില്‍ പങ്കെടുക്കുന്നവരില്‍ 16 പേരും ദുബായില്‍ നിന്നുള്ളവരാണ്. മിസിസ് മോഡല്‍ റൗണ്ട് പൂര്‍ണമായും ഒരു ഡിസൈനര്‍ക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി മാത്രമുള്ള ഫാഷന്‍ ഷോ റൗണ്ട് രാജ്യത്താദ്യമാണ്. ഈ കണ്‍സപ്റ്റ് രാജ്യത്തിനൊട്ടാകെ മാതൃകയാകുമെന്നു സംഘാടകര്‍ ചൂണ്ടിക്കാട്ടി. മിസിസ് മോഡല്‍ റൗണ്ട്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് റൗണ്ട് എന്നിവര്‍ക്കായി ഫാഷന്‍ ഡിസൈനിങ് ഒരുക്കുന്നത് ആത്രേയി ബ്രാന്‍ഡാണ്.

പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരായ ആത്രേയി ബ്രാന്‍ഡ്, ഫാഷന്‍ ഡിസൈനിങ് രംഗത്തെ പിതാവ് എന്നറിയപ്പെടുന്ന ജയിംസ് പെരേര, പ്രമുഖ ഡിസൈനര്‍മാരായ രമേശ് ഡംബ്‌ള, രഹാനെ, സ്‌റ്റെഫിന്‍, ശ്രാവണ്‍ രാമസ്വാമി, ആസിഫ് മര്‍ച്ചന്റ്, മിറാജ്, സന്തോഷ് കുമാര്‍, സുമിത് ദാസ്ഗുപ്ത, അസലം ഖാന്‍, പാര്‍വതി സരസ്വതി, ഫെമിത, ദീപിക പിള്ള, ത്രിനേത്ര, കമല്‍ മണിക്കത്ത്, ആന്‍ മേരി ചെറിയാന്‍ തുടങ്ങിയവര്‍ കെഎഫ്എല്‍ അഞ്ചാം സീസണില്‍ അണിനിരക്കും.

സെറീന്‍ ഖാന്‍, നേഹ ശര്‍മ, നമിത, ഭാമ, സഞ്ജന ഗല്‍റാണി, രമ്യ നമ്പീശന്‍, ലെന, മിത്ര കുര്യന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരടക്കം ബോളിവുഡിലെയും ദക്ഷിണേന്ത്യയിലേയും അറുപതോളം സെലിബ്രിറ്റികളാണു റാംപിലെത്തുക. സുനില്‍ മേനോന്‍, ജാക്കി, ഫഹിം തുടങ്ങിയ പ്രശസ്തരായ കോറിയോഗ്രാഫര്‍മാര്‍ കെഎഫ്എല്ലിനെ വര്‍ണാഭമാക്കും. രാവിലെ 10ന് ആത്രേയി ബ്രാന്‍ഡ് ആണ് ഓപ്പണിങ് ഷോയ്ക്ക് നേതൃത്വം നല്‍കുക. രാത്രി 11നുള്ള ഗ്രാന്‍ഡ് ഫിനാലെയ്ക്കു രമേശ് ഡംബ്‌ളയാണു നേതൃത്വം നല്‍കുക. ഇന്നോളം കേരളത്തിലെ വേദികള്‍ കാണാത്ത ഫാഷന്‍ മാമാങ്കമായിരിക്കും കെഎഫ്എല്‍ അഞ്ചാം സീസണിലെ ഫിനാലെ വേദിയില്‍ നടക്കുക.

പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹിന്ദ്ര ആന്‍ഡ് മഹിന്ദ്രയാണ്. ഈവന്റിനു പിന്തുണ നല്‍കുന്നത് ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും വലിയ ഈവന്റ് മാനെജ്‌മെന്റ് സ്ഥാപനമായ ഇംപ്രസാരിയോ.

02015ലാണ് അഭില്‍ ദേവ് കേരള ഫാഷന്‍ ലീഗിന് തുടക്കമിട്ടത്. അങ്ങേയറ്റം വിജയകരമായ നാലു സീസണുകള്‍ പിന്നിടുമ്പോള്‍ കിങ് ഓഫ് ഫാഷന്‍ എന്ന പേരു സ്വന്തമാക്കിയ ഇദ്ദേഹം കേരളത്തിന്റെ ഫാഷന്‍ സങ്കല്‍പങ്ങളില്‍ തന്നെ ഇക്കാലയളവില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം കേരളത്തിന്റെ തനതു ബ്രാന്‍ഡുകളെയും ഡിസൈനര്‍മാരെയും മോഡലുകളെയും സെലിബ്രിറ്റികളെയും അവതരിപ്പിക്കാനും പ്രൊമോട്ട് ചെയ്യാനും കഴിഞ്ഞു എന്നതാണു കെഎഫ്എല്ലിന്റെ ഏറ്റവും വലിയ നേട്ടം.

ചിത്രങ്ങൾ

ദീപാ അലക്‌സ്