റിപ്പോര്‍ട്ടര്‍ ടിവിയില്‍ സാമ്പത്തിക പരാധീനത

മിക്ക ബ്യൂറോകളും പൂട്ടലിന്റെ വക്കില്‍ - വാടക കിട്ടാത്തതിനാല്‍ കെട്ടിട ഉടമകള്‍ റിപ്പോര്‍ട്ടറന്മാരെ തെറി വിളിക്കുന്നു. പണം കിട്ടാത്തതിനാല്‍ ഡ്രൈവര്‍മാര്‍ ഓട്ടം നിര്‍ത്തി. മദ്യപിച്ച് വന്ന് ഡ്രൈവന്മാര്‍ വനിതാ റിപ്പോര്‍ട്ടറന്മാരെ രാത്രി കാലങ്ങളില്‍ അസഭ്യം പറയുന്നു.

കൊച്ചി :- പട്ടിണിയും അപമാനവും സഹിച്ച് ബ്യൂറോകളില്‍ ജോലി ചെയ്യാനാവില്ലെന്ന് പലവട്ടം മാനേജ്‌മെന്റിനെ വിവരം അറിയിച്ചിട്ടും നികേഷ് കുമാര്‍ നടപടിയെടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ ജീവനക്കാര്‍. പരാതികള്‍ ഉന്നയിക്കുന്നവരോട് നാവടക്കി പണിയെടുക്കാനാണ് ന്യൂസ് ഡെസ്‌കിലെ ഉന്നതന്റെ നിര്‍ദ്ദേശം.
വണ്ടി വാടക നല്‍കാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരം ബ്യൂറോയിലെ ഡ്രൈവര്‍മാര്‍ ജോലിക്ക് എത്താത്തതുമൂലം ബ്യൂറോയില്‍ നിന്ന് ന്യൂസ് റിപ്പോര്‍ട്ടുകള്‍ ഒന്നും അയക്കാനാവുന്നില്ല. ഇത് ഒരു ബ്യൂറോയുടെ മാത്രം സ്ഥിതിയല്ല, എല്ലാ ബ്യൂറോകളുടെയും സ്ഥിതി ഒട്ടും മെച്ചമല്ല. തെക്കന്‍ കേരളത്തിലെ ഒരു ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ബ്യൂറോ സ്ഥിതി ചെയ്യുന്ന കെട്ടിട -ഉടമയുടെ വാടക കൊടുക്കാനാവാത്തതിനാല്‍ പുറത്തിറങ്ങാതെ മുറിയടച്ചിരിക്കയാണെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിട്ടും അനക്കമില്ല.
കെട്ടിട ഉടമ തന്നെ എന്നും തെറി വിളിക്കയാണെന്നറിയിച്ചിട്ടും ചാനല്‍ ഉടമയായ നികേഷ് കമാര്‍ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ബ്യൂറോകള്‍ക്കായി ഓടിക്കൊണ്ടിരുന്ന കാറുകള്‍ ഓട്ടം നിര്‍ത്തി. ക്യാമറമാന്‍മാര്‍ പലരും വണ്ടിക്കൂലിക്ക് പൈസ ഇല്ലാത്തതിനാല്‍ ഓഫീസില്‍ വരുന്നില്ലെന്ന് റിപ്പോര്‍ട്ടറന്മാരുടെ പരാതിയില്‍ പറയുന്നു. മറ്റ് ചാനലുകാരുടെ കാറില്‍ കേറി റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതില്‍ നാണം തോന്നുന്നു എന്നാണ് ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞത്. മറ്റ് ചാനലുകളില്‍ നിന്ന് എരന്ന് വിഷ്വല്‍സ് വാങ്ങി എത്രനാള്‍ ഈ ചാനല്‍ ഓടിക്കുമെന്ന് ഒരു ബ്യൂറോ റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു. പണം കൊടുക്കാത്തതിനാല്‍ ഡ്രൈവറന്മാര്‍ രാത്രി കാലങ്ങളില്‍ മദ്യപിച്ചു വന്ന് തെറി വിളിക്കുന്നതായി വനിതാ റിപ്പോര്‍ട്ടറന്മാര്‍ പരാതി പറഞ്ഞിട്ടും ചാനല്‍ ഉടമയോ മേലധികാരികളോ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ അഴിക്കോട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി ചാനലിന്റെ എഡിറ്റര്‍ നികേഷ് കുമാര്‍ മത്സരിച്ച് തോറ്റശേഷം അദ്ദേഹം ദൈനംദിന ന്യൂസ് ഓപ്പറേഷനില്‍ സജീവമായി പങ്കെടുക്കുന്നില്ല. മുഴുവന്‍ സമയം ചാനലിന്റെ ഭരണപരമായ കാര്യങ്ങളില്‍ നികേഷ് പങ്കെടുക്കുന്നു ണ്ടെന്നാണ് ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.
പാര്‍ലമെന്റ് നടക്കുന്നതു കൊണ്ട് അവിടുത്തെ ബഹളങ്ങള്‍ ലൈവായി പിടിച്ചു കൊടുക്കുന്നതാണ് ചാനലിന്റെ ഇപ്പോഴത്തെ പ്രധാന ലൈവ് വാര്‍ത്തയെന്ന് ചാനലിലെ ഒരു പ്രമുഖന്‍ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. നോട്ട് ക്ഷാമം കൂടി വന്നതോടെ റിപ്പോര്‍ട്ടര്‍ ചാനലിലെ ജീവനക്കാര്‍ കടുത്ത ദാരിദ്ര്യത്തിലാണ്. അപമാനവും നാണക്കേടും സഹിച്ച് ഇനി ജോലി ചെയ്യാനാവില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.