കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

പൂച്ചാക്കല്‍: കോഴിക്കോടും ആലപ്പുഴയിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ആലപ്പുഴയില്‍ ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം പണം കാണിച്ചു വശീകരിച്ചു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ആന്ധപ്രദേശ് സ്വദേശി അറസ്റ്റിലായി.

ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട ചിന്നപ്പയെയാണ് (71)പൂച്ചാക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച ഉച്ചയോടെ പാണാവള്ളി അരയങ്കാവ് ഭാഗത്തായിരുന്നു സംഭവം. ദേവികൃപയില്‍ സജീവന്റെ യു.കെ.ജി വിദ്യാര്‍ഥിയായ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയ ചിന്നപ്പ വീട്ടുമുറ്റത്തുണ്ടായിരുന്ന കുട്ടിയെ 10 രൂപയുടെ നോട്ട് കാണിച്ച ശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് അടുക്കളയിലുണ്ടായിരുന്ന മാതാവ് ജിഷ ഓടിയെത്തിയതോടെ ചിന്നപ്പ ഓടിരക്ഷപ്പെട്ടു.

ഭാര്യയുടെയും മകന്റെയും ബഹളം കേട്ടെത്തിയ സജീവും നാട്ടുകാരും ചേര്‍ന്ന് ചിന്നപ്പയെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചിന്നപ്പ എന്നത് അയാള്‍ പറഞ്ഞ പേരാണെന്നും ആന്ധ്ര പൊലീസുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ചേര്‍ത്തല ഡി.വൈ.എസ്.പി എ.ജി. ലാല്‍ പറഞ്ഞു.

കോഴിക്കോട് കക്കോടിയിലാണ് രണ്ടാമത്തെ സംഭവം നടന്നത്. കക്കോടി ചേലപ്പുറത്ത് ബിജീഷിന്റെ ഭാര്യ അപര്‍ണയുടെ കൈയ്യിലിരുന്ന ഒന്നര വയസുകാരിയെ അജ്ഞാതന്‍ തട്ടിപ്പറിച്ചോടുകയായിരുന്നു. പ്രധാന റോഡില്‍ നിന്നും ഇടവഴിയിലൂടെ അടുക്കളയിലേക്ക് ഓടിക്കയറിയാണ് ഇയാള്‍ കുഞ്ഞിനെ തട്ടിയെടുത്തത്. അപര്‍ണ ബഹളം വച്ചതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മാല പൊട്ടിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം.

വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടതിന് പിന്നാലെ സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം നടന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്.