മോദി കെയര്‍’ ആരോഗ്യ പരിരക്ഷാ പദ്ധതിക്കു വാര്‍ഷികച്ചെലവ് ഒരു ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ 50 കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ‘മോദി കെയര്‍’ ആരോഗ്യ പരിരക്ഷാ പദ്ധതിക്കു വാര്‍ഷികച്ചെലവ് ഒരു ലക്ഷം കോടി രൂപ. സാമ്പത്തിക ഗവേഷണ കേന്ദ്രമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ (എന്‍ഐപിഎഫ്പി) ഗവേഷണ പ്രബന്ധത്തിലാണ് ഈ കണക്ക്.

കഴിഞ്ഞദിവസം നിതി ആയോഗ് ഉപദേശകന്‍ അലോക് കുമാര്‍ പറഞ്ഞതിന്റെ പത്തിരട്ടി തുകയാണ് എന്‍ഐപിഎഫ്പി കണക്കാക്കുന്നത്. മോദി കെയറിനു വര്‍ഷംതോറും 10,000-12,000 കോടി രൂപ ചെലവു വരുമെന്നായിരുന്നു അലോക് കുമാര്‍ വ്യക്തമാക്കിയത്. വന്‍ ചെലവിനൊപ്പം സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന പദ്ധതിയാണിതെന്നും ‘ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി ശരിയായ ദിശയിലോ?’ എന്ന പ്രബന്ധത്തില്‍ എന്‍ഐപിഎഫ്പി അസിസ്റ്റന്റ് പ്രൊഫസര്‍ മിത ചൗധരി അഭിപ്രായപ്പെട്ടു.

‘ഇങ്ങനെയൊരു പദ്ധതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വലിയ ബാധ്യത വരുത്തിവയ്ക്കും. സ്വന്തം ആരോഗ്യനയം രൂപീകരിക്കാന്‍ സാധിക്കാത്തവിധം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60:40 അനുപാതത്തിലാകും പദ്ധതിയുടെ ചെലവു വഹിക്കേണ്ടി വരികയെന്നാണ് അറിയുന്നത്. അങ്ങനെയായാലും കേന്ദ്രം അധികമായി 60,000 കോടി രൂപ കണ്ടെത്തണം. ആരോഗ്യ, ആയുഷ് മന്ത്രാലയങ്ങള്‍ക്ക് ആകെ അനുവദിച്ചിരിക്കുന്നത് 55,000 കോടി രൂപയാണ്’- പ്രബന്ധത്തില്‍ പറയുന്നു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ ഒരു ശതമാനം അധിക സെസ് ഏര്‍പ്പെടുത്തി 11,000 കോടി രൂപ സമാഹരിക്കാമെന്നാണു നിതി ആയോഗിന്റെ വാദം. ഈ പണം മതിയാകില്ലെന്നും സര്‍ക്കാരിനു വലിയ പണച്ചെലവ് സൃഷ്ടിക്കുന്നതാണു പദ്ധതിയെന്നും എന്‍ഐപിഎഫ്പി പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ