ശ്രീജിത്ത് വിജയനെതിരായ സാമ്പത്തിക തട്ടിപ്പ്: മാധ്യമവിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ചവറ എംഎൽഎ വിജയന്‍പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പിനെതിരായ വാര്‍ത്തകള്‍ നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസ് സംബന്ധിച്ച് മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അതിനാൽ അത്തരം വാർത്തകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തണമെന്നുമുള്ള ശ്രീജിത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി വിലക്ക്. കരുനാഗപ്പള്ളി കോടതിയാണ് ഇത് സംബന്ധിച്ച വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിരുന്നത്. കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി വിലയിരുത്തി.

ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനും രാഹുൽ കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് കമാൽ പാഷ ഉത്തരവിട്ടു. കരുനാഗപ്പള്ളി കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു മാധ്യമസ്ഥാപനം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ബിനോയ് കോടിയേരിക്കൊപ്പം ആരോപണം നേരിടുന്ന ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കരുനാഗപ്പള്ളി കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താസമ്മേളനത്തില്‍ ബിനോയ് കോടിയേരിക്കെതിരായ മുഴുവന്‍ തെളിവുകളും പുറത്തുവിടുമെന്നായിരുന്നു യു.എ.ഇ പൗരന്‍ മര്‍സൂഖി വ്യക്തമാക്കിയിരുന്നത്. അതിന് പിന്നാലെയാണ് വിലക്ക് വന്നത്. വാര്‍ത്താസമ്മേളനം റദ്ദാക്കിയെങ്കിലും കോടതി വിധിക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് പരാതിക്കാരനായ യു.എ.ഇ പൗരന്‍ മര്‍സൂഖി അറിയിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ പോകില്ലെന്ന് മറ്റൊരു പരാതിക്കാരനായ രാഖുല്‍ കൃഷ്ണയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

കോടതിവിധിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരോപണവിധേയനായ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കിയ കോടതി വിധി ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സത്യം പുറത്തുവരാന്‍ സഹായിക്കുകയാണ് കോടതികളുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.