ഫോം തിരിച്ചുപിടിക്കാനുള്ള പുതിയ തന്ത്രവുമായി കൊല്‍ക്കത്ത

ഐഎസ്എല്‍ നാലാം സീസണില്‍ ഫോം നഷ്ടപ്പെട്ട അവസ്ഥയിലാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിന് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത മത്സരം നിര്‍ണായകമാണ്. ബ്ലാസ്‌റ്റേഴ്‌സുമായുള്ള മത്സരത്തിന് മുമ്പ് തന്നെ റോബി കീനെ പ്ലേയര്‍ മാനേജറാക്കാനാണ് കൊല്‍ക്കത്തയുടെ പുതിയ തീരുമാനം.

നേരത്തെ പുറത്താക്കിയ കോച്ച് ടെഡി ഷെിംഗ്ഹാമിന് പകരം ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആഷ്‌ലി വെസ്റ്റ്‌വുഡാണ് താല്‍ക്കാലിക കോച്ചായി ചുമതലയേറ്റെടുത്തത്. എന്നാല്‍ താല്‍ക്കാലിക കോച്ചായാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഐഎസ്എല്‍ നിയമമനുസരിച്ച് മൂന്നു മത്സരങ്ങളില്‍ മാത്രമേ, വെസ്റ്റ് വുഡിന് ടീമിന്റെ പരിശീലകനാകാന്‍ സാധിക്കൂ. ഈ മൂന്നു മത്സരങ്ങളിലും കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സൂപ്പര്‍ താരം റോബി കീന് മാനേജറെന്ന അധികച്ചുമതല കൂടി നല്‍കാന്‍ കൊല്‍ക്കത്ത ആലോചിക്കുന്നത്.

നേരത്തെ ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസിനെ പ്ലേയര്‍ മാനേജറായി ചുമതലപ്പെടുത്തിയിരുന്നു. അതിന് ശേഷം ഡേവിഡ് ജെയിംസ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായിത്തന്നെ എത്തുകയും ചെയ്തു. എന്തായാലും എട്ടിന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്നത്.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി കൊല്‍ക്കത്ത ഐഎസ്എല്ലില്‍ എട്ടാം സ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സാകട്ടെ, 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റോടെ ആറാമതും. അതുകൊണ്ട് തന്നെ ഇരു ടീമുകളും എന്ത് വിലകൊടുത്തും ജയിക്കാന്‍ വേണ്ടിയായിരിക്കും ഇത്തവണ കളത്തിലിറങ്ങുന്നത്.