മാലിദ്വീപില്‍ ഇന്ത്യ സൈനികമായി ഇടപെടണമെന്ന ആവശ്യപ്പെട്ട് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്

ന്യൂഡല്‍ഹി: മാലിദ്വീപില്‍ ഇന്ത്യ സൈനികമായി ഇടപെടണമെന്ന ആവശ്യപ്പെട്ട് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചീഫ് ജസ്റ്റിസും രാഷ്ട്രീയക്കാരും അടക്കമുള്ളവരെ തടവിലാക്കുകയും ചെയ്തതിന് പിന്നാലെയാണിത്.

പ്രശ്‌ന പരിഹാരത്തിന് സൈന്യം ഇടപെടണമെന്ന് മാലിദ്വീപിലെ ജനങ്ങള്‍ക്കുവേണ്ടി അഭ്യര്‍ഥിക്കുകയാണെന്ന് നഷീദ് ട്വീറ്റുചെയ്തു. ന്യായാധിപരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഒന്‍പത് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്.

കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് പ്രസിഡന്റ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ പ്രതിപക്ഷം തെരുവില്‍ ഇറങ്ങിയതോടെയാണ് മുഹമ്മദ് നഷീദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദ്, മറ്റൊരു ജഡ്ജിയായ അലി ഹമീദ് എന്നിവര്‍ തൊട്ടുപിന്നാലെ അറസ്റ്റിലായി. മാലിദ്വീപിലെ അനിശ്ചിത സാഹചര്യം കണക്കിലെടുത്ത് ആവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്