സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി.രാധാകൃഷ്ണന്. ഒന്നര ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്കുണ്ടാകും.

മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളില്‍ ഒന്നായിരുന്നു നക്‌സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുന്‍പേ പറക്കുന്ന പക്ഷികള്‍. സാധാരണ മനുഷ്യരുടെ വൈവിധ്യവും വിചിത്രവും നിറഞ്ഞ ജീവിതചിത്രമാണ് ഇദ്ദേഹം തന്റെ കൃതികളില്‍ ആവിഷ്‌കരിച്ചിരുന്നത്. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നതും അദ്ദേഹത്തിന്റെ മറ്റൊരു പ്രമുഖ കൃതിയാണ്. 1989ല്‍ സ്പന്ദമാപിനികളെ നന്ദി എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, നിഴല്‍പ്പാടുകള്‍ക്ക് 1962ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

1939ല്‍ തിരൂരില്‍ ജനിച്ചു. ഗുരുവായൂരപ്പന്‍ കോളജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എഴുത്തുകാരന്‍, നോവലിസ്റ്റ്, സിനിമസംവിധായകന്‍ എന്നീ നിലകൡ പ്രശസ്തനാണ് ഇദ്ദേഹം.