മഴയുടെ സംഗീത രാവ് അവിസ്മരണിയമായി

-സി.ടി.തങ്കച്ചൻ-

പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞനും സോഫ്റ്റ് വെയർ എഞ്ചിനിയറുമായ സലീം നായരാണ് പാശ്ചാത്യ പൗരസ്ത്യ സംഗീതധാരകളെ കംപ്യൂട്ടറിന്റെ സഹായത്തോടെ സമന്വയിപ്പിച്ച് അപൂർവ്വവും അവിസ്മരണീയവുമായ സംഗീത രാവ് ഒരുക്കിയത് Linstrument എന്ന കംപ്യട്ടർ സംഗീത ഉപകരണത്തിന്റെ സഹായത്തോടെയാണ് കൈവിരലുകളുടെ ചലനവും തന്റെ ഉഛ്വാസഗതിയും സമന്വയിപ്പിച്ചു കൊണ്ട് സലിം സംഗീതധാരയൊഴുക്കിയത്.കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചിയിലെ ഡേവിഡ് ഹാൾ അങ്കണത്തിലെ ഓപ്പൺ എയറിലായിരുന്നു സലിമിന്റെ ഏകാംഗ സംഗീത വിരുന്ന്.
O.1. O 0 എന്ന് പേരിട്ട ഈ സംഗീതം മൂന്നു ഭാഗങ്ങളായാണ് ശ്രോതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
” വൃക്ഷം ശിഖരത്തോടു പറഞ്ഞു വേർപിരിയാൻ സമയമായി ” എന്നാണ് ആദ്യഭാഗത്തെ ഈ സംഗീതകാരൻ വി ശേഷിപ്പിച്ചത്. സിത്താറിന്റെ മാസ്മരികതയാണ് ജാസിന്റെയും അകമ്പടിയോടെ ഒഴുകിയെത്തിയത്..
രണ്ടാമതായി മഴയുടെ സംഗീതമാണ് പെയ്തിറങ്ങിയത്.
“മഴയുടെ പദനിസ്വനം കേൾക്കാൻ മണ്ണിര പുറത്തേക്കു വന്നു ” ,എന്നായിരുന്നു ഈ സംഗീതപാദം വിശേഷിപ്പിക്കപ്പെട്ടത്..
കർണ്ണാടക സംഗീത ലയവും ഹിന്ദുസ്ഥാനി താളവും ഏകോപിപ്പിച്ചു കൊണ്ട് സാക്സ ഫോണിന്റെ വേദന കലർന്ന സംഗീതമാണ് ഈ ഭാഗത്ത് ശ്രോതാക്കൾക്ക് അനുഭവവേദ്യമായത്.. ഏകാന്ത മധുരമായ ഒരു വിഷാദ രാഗം പോലെ സലിമിന്റെ ശ്വാസഗതിയുടെ ആരോഹണാവരോഹണങ്ങൾക്കൊപ്പം ഒഴുകിയെത്തിയ സാക്സ ഫോൺ അസാധാരണമായ സംഗീതാനുഭൂതിയായി…
മുന്നാം ഭാഗം മിന്നാമിനുങ്ങുകളായണു് ശ്രോതാക്കൾക്കു മുന്നിൽ പ്രത്യക്ഷമായത്.. ഇരുട്ടിൽ തെളിഞ്ഞു മറയുകയും പിന്നേയും തെളിയുകയും മറയുകയും ചെയ്യുന്ന മിന്നാമിനുങ്ങുകളുടെ നൃത്തമായി പിന്നെ നിശാപുഷ്പങ്ങളുടെ വസന്തമായി മാറുകയായിരുന്നു സലിമിന്റെ സംഗീതം.മുതിർന്നവർക്കൊപ്പം കൊച്ചു കുട്ടികളെ വരെ മിന്നാമിനുങ്ങിന്റെ നൃത്ത ചലനത്തിനൊപ്പം കൂട്ടിക്കൊണ്ടുപോകാൻ സലിമിന്റെ കലർപ്പില്ലാത്ത സംഗീതത്തിനായി
സംഗീതത്തിനൊപ്പം സംഗീതജ്ഞന്റെ ശരീരവും നൃത്തം ചെയ്യുന്ന കാഴ്ച വേദിയുടെ അരണ്ട വെളിച്ചത്തിലും തെളിഞ്ഞു നിന്നു. ശ്രോതാക്കളിലേക്ക് സംഗീതത്തിന്റെസ്നേഹോർജ്ജം പ്രസരിപ്പിക്കന്ന മാർഗ്ഗമായി മാറുകയായിരുന്നു സലീം നായരുടെ Linsturument.
ഡിജിറ്റൽ സംഗീതം എന്ന പേരിൽ സംഗീതത്തെ കൊല്ലാക്കൊല ചെയ്യുന്ന മോഡേൺ ബാന്റുകൾക്കിടയിൽ ഹിന്ദുസ്ഥാനി മ്യൂസിക്കിന്റെയും കർണ്ണാടക സംഗീതത്തിന്റെയും ജാസിന്റെയും സംഗീതാംശങ്ങങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് നടത്തിയ ഈ സംഗീത വിരുന്ന് ആസ്വാദകർക്ക് അനിർവചനീയമായ അനുഭൂതിയായി മാറി,
മഴയുടെ സംഗീതമായ് മാറി…..