രാജ്യത്തെ മുഴുവന്‍ തിയേറ്ററുകളിലും ദേശീയ ഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: സിനിമാ പ്രദര്‍ശനത്തിന് മുന്‍പായി രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ജനങ്ങള്‍ ദേശീയഗാനത്തേയും ദേശീയ പതാകയേയും ബഹുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ സ്‌ക്രീനില്‍ ദേശിയ പതാകയായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്.

ദേശീയഗാനത്തെ നാടകീയവത്ക്കരിക്കുകയോ വാണിജ്യപരമായി ചൂഷണം ചെയ്യുകയോ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ദേശീയഗാനത്തെ എല്ലാവരും ആദരത്തോടേയും ബഹുമാനത്തോടെയും സ്വീകരിക്കണം. രാജ്യസ്നേഹവും ദേശീയതയുടെ തെളിയിക്കാന്‍ ഓരോ വ്യക്തിയും പ്രതിബന്ധരാണെന്നും കോടതി പറഞ്ഞു. ദേശീയഗാനത്തെ ചൂഷണം ചെയ്യുന്നതിനും അപമാനിക്കുന്നതിനുമെതിരെ ഭോപ്പാല്‍ സ്വദേശിയായ ശ്യാം നാരായണ്‍ ചൗസ്‌ക്കി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം എല്ലാ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചുകൊടുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.. നിര്‍ദേശം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 1980 കളില്‍ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തലാക്കുകയായിരുന്നു. തുടര്‍ന്ന് 2003 ല്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുന്നത്.മഹാരാഷ്ട്രയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും സിനിമയ്ക്ക് മുന്നോടിയായി തന്നെ ദേശീയഗാനം വെക്കണമെന്നത് നിര്‍ബന്ധമാണ്.