രാമജന്മഭൂമി കേസ് സ്ഥലത്തര്‍ക്കം എന്ന നിലയില്‍ മാത്രമേ വിഷയം പരിഗണിക്കൂ എന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് ,രാമജന്മഭൂമി കേസ് സ്ഥലത്തര്‍ക്കം എന്ന നിലയില്‍ മാത്രമേ വിഷയം പരിഗണിക്കൂ എന്നും ഹൈക്കോടതിയിലെ കക്ഷികളെക്കൂടാതെ കക്ഷിചേരാന്‍ സമര്‍പ്പിച്ചവരെ കേള്‍ക്കണോയെന്ന കാര്യം പിന്നീടേ തീരുമാനിക്കൂവെന്നും സുപ്രിം കോടതി വ്യക്തമാക്കി. പുതിയ ഭൂമി വിവാദമായിട്ടാണ് തങ്ങള്‍ ഈ കേസ് പരിഗണിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ നീളുന്ന വിവാദങ്ങള്‍ കോടതി ഗൗരവത്തിലെടുക്കുന്നില്ല എന്ന സൂചനയാണ് ജഡ്ജിമാര്‍ നല്‍കിയത്.

കൂടുതല്‍ കക്ഷികളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ഇനി അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിക്കുമുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് 14ന് പരിഗണിക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ദിവസവും കേസ് കേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മിശ്ര വ്യക്തമാക്കി.ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരും അടങ്ങുന്നതാണു ബെഞ്ച്. കേസുമായി ബന്ധപ്പെട്ട നിരവധി രേഖകളും വിവര്‍ത്തന കുറിപ്പുകളും ഇതുവരെ കോടതിയുടെ മുമ്പാകെ എത്തിയിട്ടില്ല. തുടര്‍ന്നാണ് കേസ് മാറ്റിയത്.

ബാബറി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. കേസ് ആധാരമാക്കിയിരിക്കുന്ന പ്രാദേശികഭാഷയിലുള്ള പുസ്തകങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങളും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി രണ്ടാഴ്ചയ്ക്കകം നല്‍കണം. ഹൈക്കോടതി രേഖകളുടെ ഭാഗമായ വിഡിയോ കാസെറ്റുകളുടെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്കു നല്‍കണമെന്നു സുപ്രിംകോടതി രജിസ്ട്രാറോട് ആവശ്യപ്പെട്ടു.
നാലു സിവില്‍ കേസുകളിലായി അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ 14 അപ്പീലുകളാണു പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. 2010ലെ വിധിയില്‍ സുന്നി വഖഫ് ബോര്‍ഡ്, മിര്‍മോഹി അഖാര, റാം ലല്ല എന്നിവര്‍ക്കു തുല്യമായി ഭൂമി വീതിച്ചുകൊടുക്കണമെന്നു പറഞ്ഞിരുന്നു. മൂന്നംഗ ജഡ്ജിമാര്‍ 2:1 ഭൂരിപക്ഷത്തിലാണ് അന്നു വിധി പറഞ്ഞത്.

കേസ് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം 2019 ജൂലൈ കഴിഞ്ഞിട്ട് കേസ് പരിഗണിച്ചാല്‍ മതിയെന്നും സുന്നി വഖഫ് ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തള്ളിയാണ് കേസ് നേരത്തെ പരിഗണിക്കുന്നത്.