ട്രാന്‍സ്ജെന്‍ഡേഴ്സിന് നേരെ വീണ്ടും ആക്രമണം

തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന് നേരെ വീണ്ടും ആക്രമണം. ട്രാന്‍സ്ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശിവാങ്കി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയപ്പോഴാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് ആയ വിനീത, അളകനന്ദ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. വഴി ചോദിച്ചപ്പോള്‍ വാഹനത്തിന്‍റെ കീ വലിച്ചൂരിയ ശേഷം ആക്രമിക്കുകയായിരുന്നു.

പാറയില്‍ കുളം പുഷ്പരാജ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ഇയാള്‍ക്കെതിരെ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍ വേഷത്തില്‍ എത്തിയ ആണുങ്ങള്‍ എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആണോ പെണ്ണോ എന്ന് തെളിയിക്കാന്‍ വസ്ത്രമഴിക്കാനും അവര്‍ ആവശ്യപ്പെട്ടു.

വിനീതയേയും അളകനന്ദയേയും മര്‍ദ്ദിച്ചത് അറിഞ്ഞ് എത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സൂര്യയ്ക്കും മര്‍ദ്ദനമേറ്റു. തന്‍റെ തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്തതായി സൂര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ വലിയ തുറയിലും ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരെ ആക്രമണമുണ്ടായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വന്നയാള്‍ എന്നാരോപിച്ചായിരുന്നു ട്രാന്‍സ്ജെന്‍ഡറിനെതിരായ മര്‍ദ്ദനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് വലിയതുറ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം പിന്നിടുന്നതിന് മുന്‍പ് വീണ്ടും ട്രാന്‍സ്ജെന്‍ഡറുകള്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ്.