123-മത് മാരാമണ്‍ കണ്‍വന്‍ഷന് ഞായറാഴ്ച തുടക്കം

ന്യൂയോര്‍ക്ക്: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്റെ 123-മത് മഹായോഗം ഫെബ്രുവരി 11 മുതല്‍ 18 വരെ പമ്പാനദിയിലെ മണല്‍പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടക്കും. 11 ഞായറാഴ്ച 2.30ന് പത്മഭൂഷണ്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രപ്പോലീത്ത പ്രാരംഭ ആരാധനക്ക് നേതൃത്വം നല്‍കും.

മാര്‍ത്തോമ്മ സഭാ മേലദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷം വഹിക്കും.മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ദൈവശാസ്ത്ര പണ്ഡിതരും, പ്രസിദ്ധ സുവിശേഷ പ്രസംഗകരുമായ ബിഷപ് ഡോ. പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്ളോറിഡ), റവ.ഡോ.ഫ്രാന്‍സിസ് സുന്ദര്‍ രാജ്(ചെന്നൈ), ഡോ.ആര്‍.രാജ്കുമാര്‍(ഡല്‍ഹി), റവ.ഡോ.വിനോദ് വിക്ടര്‍(തിരുവനന്തപുരം), റവ.ഡോ.സോറിറ്റ നബാബാന്‍(ജക്കാര്‍ത്ത)എന്നിവരാണ് ഈ വര്‍ഷത്തെ പ്രധാന പ്രാസംഗികര്‍.

13ന് രാവിലെ യോഗത്തില്‍ പത്മഭൂഷണ്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രപ്പോലീത്ത പ്രസംഗിക്കും. 14ന് രാവിലെ 10 മണിക്ക് എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ സമ്മേളനത്തില്‍ ബിഷപ് ഉമ്മന്‍ ജോര്‍ജും, വ്യാഴാഴ്ച വൈകീട്ടത്തെ യോഗത്തില്‍ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പയും പ്രസംഗിക്കും.

തിങ്കള്‍ മുതല്‍ ശനി വരെ 10 നും ഉച്ചക്കഴിഞ്ഞ് രണ്ടിനും വൈകീട്ട് 6.30നും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമുള്ള ബൈബിള്‍ ക്ലാസും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും. വ്യാഴം മുതല്‍ ശനി വരെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള യുവവേദിയും ഉണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സന്നദ്ധ സുവിശേഷ സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സേവികാ സംഘത്തിന്റെയും യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് എബ്രഹാം, ലേഖക സെക്രട്ടറി സി.വി. വര്‍ഗീസ്, സഞ്ചാര സെക്രട്ടറി റവ.സാമുവല്‍ സന്തോഷം, ട്രഷറാര്‍ അനില്‍ മാരാമണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റിയാണ് കണ്‍വെന്‍ഷനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നത്.

Picture2

Picture3