അഴിമതി മൂടിവയ്ക്കാനും ഒതുക്കി തീര്‍ക്കാനുമുള്ള വകുപ്പായി വിജിലന്‍സ് മാറിയെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ അഴിമതി മൂടിവയ്ക്കാനും ഒതുക്കി തീര്‍ക്കാനുമുള്ള വകുപ്പായി വിജിലന്‍സ് മാറിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍.

ചട്ടങ്ങള്‍ ലംഘിച്ചാണ് ഡി.ജി.പിയായ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിത്. വിജിലന്‍സ് ചട്ടം അനുസരിച്ച് വിജിലന്‍സിന് ആറ് മാസത്തില്‍ കൂടുതല്‍ ഡയറക്ടര്‍ ഇല്ലാതിരിക്കാന്‍ പാടില്ല. സംസ്ഥാന പൊലീസ് മേധാവിയും വിജിലന്‍സ് ഡയറക്ടറുമായി ഒരാള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു.

ഈ 11 മാസത്തിനിടെ താല്‍ക്കാലിക വിജിലന്‍സ് ഡയറക്ടര്‍ 700 ഓളം കേസുകള്‍ അവസാനിപ്പിച്ചത് സംശയകരമാണ്. ഒരു അന്വേഷണ സംവിധാനത്തില്‍ നിന്ന് മാറി സര്‍ക്കാരിന് ഇഷ്ടക്കാരായ അഴിമതിക്കാരെ രക്ഷിക്കാനുള്ള സംവിധാനമാക്കി വിജിലന്‍സിനെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.